മൊഹാലി : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ തകർപ്പൻ വിജയവുമായി ഇന്ത്യ. മൊഹാലിയിൽ 150 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ഒരോവറും ഏഴുവിക്കറ്റുകളും ബാക്കി നിൽക്കവേയാണ് മൂന്ന് മത്സരപരമ്പരയിലെ ആദ്യ വിജയം ആഘോഷിച്ചത്. ധർമ്മശാലയിലെ ആദ്യ മത്സരം മഴയെടുത്തിരുന്നു.
ഇന്നലെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. നിശ്ചിത 20 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് സന്ദർശകർ 149 റൺസടിച്ചത്.
അർദ്ധ സെഞ്ച്വറി നേടിയ നായകൻ ക്വിന്റൺ ഡി കോക്കും (52), 49 റൺസ് നേടിയ ടെംപ ബൗമയുമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്കുവേണ്ടി പേസർ ദീപക് ചഹർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവർ ഒാരോ വിക്കറ്റ് വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകൻ വിരാട് കൊഹ‌്ലി 52 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം 72 റൺസുമായി പുറത്താകാതെനിന്നു.ശിഖർ ധവാൻ 40 റൺസെടുത്ത് പുറത്തായി.
വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യയ്ക്ക് വേണ്ടി ബൗളിംഗ് ഒാപ്പൺ ചെയ്തത്. എന്നാൽ ആദ്യ വിക്കറ്റ് വീഴ്ത്തിയത് ദീപക് ചഹറാണ്. നാലാം ഒാവറിൽ ടീം സ്കോർ 31 ൽനിൽക്കെ റീസ ഹെൻറിക്സിനെ (6) വാഷിംഗ്ടൺ സുന്ദറിന്റെ കൈയിലെത്തിക്കുകയായിരുന്നു ദീപക്. തുടർന്ന് ക്രീസിലൊരുമിച്ച ഡി കോക്കും ബൗമയും ചേർന്ന് സ്കോർ ബോർഡ് ഉയർത്താൻ തുടങ്ങി.
ഇരുവരും ചേർന്ന് 45 പന്തുകളിൽ കൂട്ടിച്ചേർത്തത് 57 റൺസാണ്. 12-ാം ഒാവറിൽ സെയ്‌നിയുടെ ബൗളിംഗിൽ വിരാട് കൊഹ്‌ലിയുടെ തകർപ്പൻ ക്യാച്ചിലൂടെയാണ് ദക്ഷിണാഫ്രിക്കൻ നായകൻ ഡി കോക്ക്പുറത്തായത്.37 പന്തുകൾ നേരിട്ട ഡി കോക്ക് എട്ട് ബൗണ്ടറികൾ പായിച്ചിരുന്നു. പകരമിറങ്ങിയ റാസീ വാൻഡർ ഡ്യൂസനെ (1) തൊട്ടടുത്ത ഒാവറിലെ ആദ്യപന്തിൽ രവീന്ദ്ര ജഡേജ സ്വന്തം ബൗളിംഗിൽ പിടികൂടി. ഇതോടെ ദക്ഷിണാഫ്രിക്ക 90/ 3 എന്ന നിലയിലായി.
തുടർന്ന് ബൗമയും ഡേവിഡ് മില്ലറും (18) ചേർന്ന് ടീമിനെ 100 കടത്തി. 18-ാം ഒാവറിൽ ടീം സ്കോർ 126 ൽ നിൽക്കവേ ബൗമയും പുറത്തായി. 43 പന്തുകൾ നേരിട്ട ബൗമ മൂന്ന് ഫോറുകളും ഒരു സിക്സും പറത്തിയിരുന്നു. 19-ാം ഒാവറിന്റെ ആദ്യപന്തിൽ ടീം സ്കോർ 129 ൽ നിൽക്കവേ ഹാർദിക് പാണ്ഡ്യ മില്ലനെ ക്ളീൻ ബൗൾഡാക്കി. 15 പന്തുകൾ നേരിട്ട മില്ലർ ഒരുസിക്സടിച്ചിരുന്നു. തുടർന്ന് പ്രിട്ടോറിയസും (10 നോട്ടൗട്ട്) പെഹ്‌ലുക്ക്‌വായോയും (8 നോട്ടൗട്ട്) ചേർന്ന് 149 ലെത്തിച്ചു. ഇരുവരും ഒാരോ സിക്സ് വീതം പറത്തി.
രോഹിത് ശർമ്മയും ശിഖർ ധവാനും ചേർന്നാണ് ഇന്ത്യയ്ക്കുവേണ്ടി ഒാപ്പണിംഗിനിറങ്ങിയത്. ആദ്യ ഒാവറിൽ എട്ട് റൺസ് നേടിയ ഇന്ത്യ രണ്ടാം ഒാവറിൽ തകർത്തടിച്ചു. അരങ്ങേറ്റക്കാരൻ നോർജെയെ രണ്ട് തവണയാണ് രോഹിത് സിക്സിന് പറത്തിയത്. തൊട്ടുപിന്നാലെ ധവാൻ റബാദയെ തുടർച്ചയായി ബൗണ്ടറികൾ പറത്തി. മൂന്നാം ഒാവറിൽ പെഹ്‌ലുക്ക്‌വായോ രോഹിതിനെ (12) എൽ.ബിയിൽ കുരുക്കി മടക്കി അയച്ചു. എന്നാൽ ധവാനും (40) കൊഹ്‌ലിയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയിട്ടു. 31 പന്തുകളിൽ നാലുഫോറും ഒരു സിക്സും പറത്തിയ ധവാനെ 12-ാം ഒാവറിൽ തബാരേയ്സ് ഷംസി മില്ലറുടെ കയ്യിലെത്തിക്കുമ്പോൾ ഇന്ത്യ 94/2 എന്ന നിലയിലെത്തിയിരുന്നു.
പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ബംഗളുരുവിൽ നടക്കും.
ദക്ഷിണാഫ്രിക്ക ബാറ്റിംഗ്
റീസ ഹെൻട്രിക്സ് സി വാഷിംഗ്ടൺ സുന്ദർ ബി ദീപക് ചഹർ 6, ഡികോക്ക് സി കാെഹ്‌ലി ബി സെയ്‌നി 52, ടെംപ ബൗമ സി ജഡേജ ബി ദീപക് ചഹർ 49, വാൻഡർ ഡ്യൂസൻ സി ആൻഡ്ബി ജഡേജ 1, ഡേവിഡ് മില്ലർ ബി ഹാർദിക് പാണ്ഡ്യ 18, പ്രിട്ടോറിയസ് നോട്ടൗട്ട് 10, പെഹ്‌ലുക്ക് വായോ നോട്ടൗട്ട് 8, എക്സ്ട്രാസ് 5, ആകെ 20 ഒാവറിൽ 149/5.
വിക്കറ്റ് വീഴ്ച
1-31 (റീസ ഹെൻട്രിക്സ്)
2-88 (ഡികോക്ക്)
3-90 (വാൻഡർ ഡ്യൂസൻ)
4-126 (ടെംപ ബൗമ)
5-129 (മില്ലർ)
ഇന്ത്യ ബൗളിംഗ്
വാഷിംഗ്ടൺ സുന്ദർ 3-0-19-0
ദീപക് ചഹർ 4-0-22-2
നവ്ദീപ് സൈനി 4-0-34-1
രവീന്ദ്ര ജഡേജ 4-0-31-1
ഹാർദിക് പാണ്ഡ്യ 4-0-31-1
ക്രൂനാൽ പാണ്ഡ്യ 1-0-7-0
3
പേരാണ് ഇന്നലെ ദക്ഷിണാഫ്രിക്കൻ നിരയിൽ അന്താരാഷ്ട്ര ട്വന്റി 20 അരങ്ങേറ്റം നടത്തിയത് ടെംപ ബൗമ, ബ്യോൺ ഫോർച്യൂൺ, അൻറിച്ച് നോർജേ എന്നിവരായിരുന്നു ആദ്യമത്സരത്തിനിറങ്ങിയവർ. മൂവരും കാര്യവട്ടത്ത് ഇന്ത്യ എയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചവരാണ്.