തിരുവനന്തപുരം: പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർഥികളുടെ ഫീസ് കുത്തനെ കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനം.സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന സർക്കാർ,എയ്ഡഡ്,സർക്കാർ നിയന്ത്രണത്തിലുളള സെൽഫ് ഫിനാൻസ് കോളേജുകൾ എന്നിവിടങ്ങളിൽ ഫീസ് വർദ്ധന നടപ്പാക്കിയുളള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഈ മാസം ആറാം തീയതിയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്,ഹോസ്റ്റൽ ഫീസ്,യൂണിവേഴ്സിറ്റി ഫീസ് തുടങ്ങിയ ഫീസുകളിൽ വർദ്ധനവുണ്ടാകും. ഈ അക്കാഡമിക്ക് വർഷം മുതൽ ഫീസ് വർദ്ധന നടപ്പാക്കാനാണ് നിർദേശം. അഞ്ച് ശതമാനം ഫീസ് വർദ്ധന ആയിരിക്കും പ്രൊഫഷണൽ കോഴ്സുകൾക്ക് നടപ്പാക്കുക. ഈ വർഷം ഫീസ് വർദ്ധിപ്പിക്കുന്നതിന് പുറമെ എല്ലാ അക്കാഡമിക്ക് വർഷവും അഞ്ച് ശതമാനം വീതം ഫീസ് വർദ്ധിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. വർഷാവർഷം അഞ്ച് ശതമാനം ഫീസ് കൂട്ടാനുളള സർക്കാർ തീരുമാനം വിദ്യാർത്ഥികൾക്ക് ഇരുട്ടടിയാകും.
ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിലുളള എല്ലാ യൂണിവേഴ്സിറ്റി ഡയറക്ടർമാരും രജിസ്ട്രാർമാരും എത്രയും വേഗം ഇതു സംബന്ധിച്ച നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അഡിഷണൽ സെക്രട്ടറി എൻ.ജയ്സുക് ലാലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ഭയന്ന് അതീവ രഹസ്യമായാണ് സർക്കാർ ഫീസ് വർദ്ധന സംബന്ധിച്ച നീക്കങ്ങൾ നടത്തിയത്.വിദ്യാർത്ഥികൾക്ക് അമിത ഭാരം അടിച്ചേൽപ്പിക്കുന്ന തീരുമാനം എൻജിനീയറിംഗ്, ഡിപ്ലോമ തുടങ്ങി പ്രൊഫഷണൽ കോഴ്സുകളുടെ പഠന ചെലവ് സംസ്ഥാനത്ത് വർദ്ധിപ്പിക്കും.
എല്ലാ സർവലാശാല രജിസ്ട്രാർമാർക്കും ഉത്തരവ് കെെമാറിയിട്ടുണ്ട്. സംസ്ഥാനത്ത് എെ.എച്ച്.ആർ.ഡി, എൽ.ബി.എസ്, പോളിടെക്നിക് തുടങ്ങി സ്ഥാപനങ്ങളിലെല്ലാം ഫീസ് വർദ്ധന നിലവിൽ വരും.സർക്കാരുമായി ഫീസ് കരാർ ഒപ്പിടുന്നതിനുളള സ്റ്റാമ്പ് പേപ്പറിന്റെ വില ഇരുന്നൂറ് രൂപയിൽ നിന്നും 220 രൂപയാക്കിയും സർക്കാർ ഉത്തരായിട്ടുണ്ട്.
സർക്കാർ തീരുമാനം നടപ്പിലാക്കുമെന്ന് ടെക്നിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഇന്ദിരദേവി 'ഫ്ളാഷി'നോട് പറഞ്ഞു. ഏറെ കാലത്തിന് ശേഷമാണ് സംസ്ഥാനത്ത് പ്രൊഫഷണൽ കോഴ്സുകളുടെ ഫീസ് വർദ്ധിപ്പിക്കുന്നത്.കഴിഞ്ഞ വർഷം ഫീസ് കൂട്ടാനുളള നീക്കങ്ങൾ നടത്തിയെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇന്ദിരദേവി പറഞ്ഞു.