തിരുവനന്തപുരം: പി.എസ്.സിയുടെ ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്താനായി യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാഹാളിൽ നിന്ന് ചോദ്യപേപ്പർ പുറത്തെത്തിച്ച് നൽകിയ യുവാവിനായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പൊലീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരനായ പ്രണവിന്റെ സുഹൃത്തായ യുവാവിനായാണ് ക്രൈംബ്രാഞ്ച് തെരച്ചിൽ തുടങ്ങിയത്. പരീക്ഷാക്രമക്കേടിൽ തന്റെ പങ്ക് പുറത്തായെന്ന് വ്യക്തമായതോടെ ഒളിവിൽപോയ ഇയാളെകണ്ടെത്താൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. എന്നാൽ, ഇയാളുടെ പേരോ വിലാസമോ പുറത്തുവിടാൻ അന്വേഷണസംഘം തൽക്കാലം കൂട്ടാക്കിയിട്ടില്ല.
പരീക്ഷയിൽ ഉത്തരങ്ങൾ പറഞ്ഞുകൊടുത്തതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ ഗോകുൽ ഇയാളെപ്പറ്റി വ്യക്തമായ സൂചനകൾ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ കേസിലെ പ്രധാന പ്രതി പ്രണവിനെ ചോദ്യം ചെയ്ത് ഈ വിവരങ്ങൾ സ്ഥിരീകരിച്ചശേഷമാണ് ഇയാളെ പിടികൂടാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുള്ളതായ യാതൊരു സൂചനകളും അന്വേഷണ സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ല. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന ആരുടെയെങ്കിലും സഹായം തട്ടിപ്പിന് ലഭിച്ചിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
അതേസമയം പരീക്ഷാതട്ടിപ്പിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് പ്രണവിനെയും സഫീറിനെയും പൊലീസ് തെളിവെടുപ്പിനായി കോട്ടയത്തേക്ക് കൊണ്ടുപോയി. പോകും വഴി ആഹാരം കഴിക്കാതിരുന്നതിനെ തുടർന്ന് ഗ്യാസ് ട്രബിൾ കാരണം അസ്വസ്ഥതകൾ പ്രകടിപ്പിച്ച പ്രണവിനെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മരുന്നും ആഹാരവും നൽകി അരമണിക്കൂറിനുശേഷം ഇവരുമായി അന്വേഷണസംഘം കോട്ടയത്തേക്ക് പോയി. പരീക്ഷാത്തട്ടിപ്പിൽ പ്രതിയായ ശേഷം പ്രണവും സഫീറും കോട്ടയത്തെ ഒരു വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. ഇവിടെ എത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് ഇവരുമായി കോട്ടയത്തേക്ക് തിരിച്ചത്.
പരീക്ഷാതട്ടിപ്പിന് ഉപയോഗിച്ച സ്മാർട്ട് വാച്ചുകൾ നശിപ്പിച്ച് കളഞ്ഞതായാണ് പ്രണവും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും ഇത് നശിപ്പിച്ചശേഷം ആറ്റിലെറിഞ്ഞതായി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെളിവ് നശിപ്പിച്ച കുറ്റംകൂടി ഇവർക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ തട്ടിപ്പിന്റെ പരാമവധി വിവരങ്ങൾ ഇന്നും നാളെയുമായി മനസിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.