crime

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന വീട്ടമ്മയെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് അഞ്ചുവർഷം പിന്നിട്ടു. എന്നിട്ടും പ്രതിയെ പിടിക്കാൻ ഇതുവരെ പൊലീസിന് ആയിട്ടില്ല.ഇപ്പോഴും പ്രതി ഒളിവിലാണെന്ന് പൊലീസ് ഭാഷ്യം. തലങ്ങും വിലങ്ങും അന്വേഷിച്ച് ഒരു തുമ്പും കിട്ടാതായതോടെ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

തിരുവനന്തപുരം കാട്ടാക്കട കരണ്ടകംചിറ കിഴക്കുംകര പുത്തൻവീട്ടിൽ ഗിരിജയാണ് (45)കൊല്ലപ്പെട്ടത്. പ്രതിയായ പത്തനംതിട്ട ചിറ്റാർ മൂന്നുകല്ല് കൊടുമുടി കൊളുത്താണി വീട്ടിൽ ഖാദർകുട്ടിയെന്ന അബ്ദുൾഖാദറിനെ (55) തേടിയാണ് പൊലീസ് ഇപ്പോഴും അലയുന്നത്. 2014 ഫെബ്രുവരി 15നാണ് ഗിരിജ കൊല്ലപ്പെടുന്നത്.


ആ രാത്രി
കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ഗിരിജയുടെ ജീവിതം. മുപ്പത്തിയൊന്നു വർഷംമുമ്പ് ഭർത്താവ് ധർമ്മൻ മരിച്ചു. മാതാവ് കൃഷ്ണമ്മയ്ക്കും മകനുമൊപ്പം കരണ്ടകം ചിറയിൽ എട്ടുസെന്റ് സ്ഥലത്തെ കൊച്ചുവീട്ടിൽ പ്രാരാബ്ധങ്ങളുമായി കഴിയുമ്പോഴാണ് ഗൾഫിൽ തയ്യൽക്കാരിയായിരുന്ന സഹോദരിയുടെ അയൽവീട്ടിൽ ജോലിക്കാരനായിരുന്ന ഖാദർ കുട്ടി നാട്ടിൽ മടങ്ങിയെത്തിയത്. സഹോദരിയുടെ പരിചയക്കാരനെന്ന നിലയിൽ ഖാദർ കുട്ടി സൗഹൃദ സന്ദർശനത്തിനാണ് ഗിരിജ താമസിക്കുന്ന കുടുംബ വീട്ടിൽ പതിനഞ്ച് വർഷം മുമ്പ് ആദ്യമായി എത്തുന്നത്. പിന്നീട് ഗിരിജയുടെ വീടിന് സമീപമുള്ള ഒരു റബർ തോട്ടം ഖാദർ കുട്ടി ഒറ്റിയ്ക്കെടുത്തു. നാൽപ്പത് മൂട് റബറുളള തോട്ടത്തിന്റെ ടാപ്പിംഗിന് ഗിരിജയെ ചുമതലപ്പെടുത്തി.

മാസത്തിലൊരിക്കൽ ഷീറ്റെടുക്കാൻ വന്നുകൊണ്ടിരുന്ന അവിവാഹിതനായ ഖാദർ കുട്ടി തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി. ജീവിതത്തിൽ ഒരു കൂട്ടാകുമല്ലോ എന്നുകരുതി ഗിരിജ സമ്മതംമൂളി. സാമില്ലിലും കൂലിപ്പണിയ്ക്കും ടാപ്പിംഗിനുമെന്നുവേണ്ട എന്തിനും പോന്ന ഖാദർകുട്ടി നല്ല അദ്ധ്വാനിയായിരുന്നു. തരക്കേടില്ലാതെ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് മദ്യം ഖാദർ കുട്ടിയുടെ കൂട്ടുകാരനായത്. മദ്യപാനം കടുത്തതോടെ വീട്ടിൽ കലഹമായി. അകാരണമായ മർദ്ദനവും അപായഭീഷണിയും പതിവായി. ഗിരിജയുടെ മകൻ പ്രതീഷ് വിവാഹശേഷം ഉത്തരംകോട്ടേക്ക് താമസം മാറിയതോടെ കോട്ടൂരിലെ വീട്ടിൽ ഗിരിജയും ഖാദർകുട്ടിയും മാത്രമായി.


മദ്യപാനത്തിൽ ഖാദർ കുട്ടിയുടെ തോഴനായിരുന്നു സണ്ണി. അരുംകൊല നടന്ന 2014 ഫെബ്രുവരി 15നും അതിന്റെ തലേന്നും ഖാദർകുട്ടിയും സണ്ണിയും വീട്ടിലിരുന്ന് മദ്യപിച്ചു. ഗിരിജയുമായുള്ള വഴക്കിലാണ് അത് കലാശിച്ചത്. വഴക്കുകഴിഞ്ഞ് ഗിരിജ എപ്പോഴോ ഉറങ്ങി. ഗിരിജയോട് പകമൂത്ത ഖാദർ കുട്ടി നേരം പുലരാറായപ്പോൾ കോടാലികൊണ്ട് ഒറ്റവെട്ട്. ഒന്നു നിലവിളിക്കാൻ പോലുമാകാതെ ഗിരിജയുടെ പ്രാണൻ പിടഞ്ഞു. വീണ്ടും വെട്ടി മരണമുറപ്പാക്കി. മൃതദേഹവും രക്തക്കറ പുരണ്ട കോടാലിയും ഉപേക്ഷിച്ച് നേരംപുലരും മുമ്പേ ഖാദർകുട്ടി മുങ്ങി. അടുത്തദിവസം അയൽക്കൂട്ട ജോലിക്കാരാണ് വീടിന്റെ ഉമ്മറത്ത് രക്തം പുരണ്ട കോടാലികണ്ട് സമീപവാസികളെ അറിയിച്ചത്. തെരച്ചിലിൽ ഗിരിജയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊലപാതകശേഷം മൂന്നു കിലോമീറ്ററകലെയുള്ള പ്രതീഷിന്റെ വീട്ടിലെത്തിയ ഖാദർകുട്ടി പുലർച്ചെ അവരെ വിളിച്ചുണർത്തി. ഗിരിജയുമായി പിണങ്ങിയെന്നും താൻ അവിടെ നിൽക്കുന്നില്ലെന്നും പറഞ്ഞു. തലേദിവസം സ്വർണപ്പണയത്തിന്റെ പലിശ അടയ്ക്കാനായി പ്രതീഷിന്റെ ഭാര്യയെ ഏൽപ്പിച്ച രണ്ടായിരം രൂപ തിരികെ വാങ്ങി. കട്ടൻചായ കുടിക്കാൻ പോലും നിൽക്കാതെ ഖാദർകുട്ടി സ്ഥലം വിടുമ്പോഴും ഗിരിജയുടെ ഘാതകനാണ് രക്ഷപ്പെടുന്നതെന്ന് അവരറിഞ്ഞിരുന്നില്ല.

പൊലീസിനെ കബളിപ്പിച്ച് മുങ്ങി
പ്രതീഷിന്റെ വീട്ടിൽനിന്ന് രക്ഷപ്പെട്ട ഖാദർകുട്ടി ആര്യനാട്ടും പൊൻമുടിയിലുമായി കറങ്ങി. മൂന്നുദിവസം മൊബൈലിലും സജീവമായിരുന്നു. ഫോണിൽ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിച്ചു. പാറശാല കോടതിയിൽ കീഴടങ്ങാമെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച ഖാദർകുട്ടി പിന്നീട് മുങ്ങുകയായിരുന്നു. അമ്മയുടെ ഘാതകനെ പിടികൂടാത്തതിനെതിരെ പരാതിയുമായെത്തിയ പ്രതീഷിന്റെ ചെലവിൽ പത്തനംതിട്ടയിലും കേരള തമിഴ്നാട് അതിർത്തിയിലും അന്വേഷണ ഉദ്യോഗസ്ഥർ ഒന്നുരണ്ട് ദിവസം ചുറ്റിക്കറങ്ങിയതല്ലാതെ ഒന്നും സംഭവിച്ചില്ല.


ഒളിഞ്ഞും തെളിഞ്ഞും നാട്ടിൽ പലയിടത്തും പ്രത്യക്ഷപ്പെട്ട ഖാദർ കുട്ടിയെ പിടിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തി. എന്നിട്ടും സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ പ്രതി ഒളിവിലാണെന്ന് കാണിച്ച് ഏതാനും മാസം മുമ്പ് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഖാദർകുട്ടിയെ കണ്ടെത്തി അറസ്റ്റ് ചെയ്താലേ കേസിന്റെ വിചാരണ തുടങ്ങൂ.