ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും നീട്ടാനുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയത് കേരളത്തിന് വലിയ പ്രതീക്ഷയാണു പകരുന്നത്. വികസന മുരടിപ്പിന്റെ ദുരന്തവും പേറി കഴിയുന്ന സംസ്ഥാനത്തിന് പ്രത്യക്ഷത്തിൽത്തന്നെ ഒട്ടേറെ സൗഭാഗ്യങ്ങൾ ഇതുവഴി കരഗതമാകും. ആദ്യഘട്ടത്തിൽ പതിനായിരം പേർക്ക് തൊഴിൽ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. എറണാകുളം, പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ പദ്ധതിയുടെ ഭാഗമായി വരുമ്പോൾ ഇവിടങ്ങളിൽ ഒട്ടേറെ പുതിയ വ്യവസായശാലകൾ ഉയരും. സംസ്ഥാന രൂപീകരണകാലം മുതൽ പിന്നാക്കാവസ്ഥയിൽ കഴിയുന്ന പാലക്കാട്, കാസർകോട്, കണ്ണൂർ ജില്ലകളെ സംബന്ധിച്ചിടത്തോളം വികസനത്തിന്റെ ഗുണഫലങ്ങൾ നേരിട്ട് അനുഭവിക്കാനുള്ള അവസരമാകും വ്യവസായ ഇടനാഴി നിലവിൽ വരുന്നതോടെ വന്നുചേരുക.
പാലക്കാട്ടും കണ്ണൂരും സേലത്തും അനവധി വ്യവസായശാലകളുൾപ്പെടുന്ന ക്ളസ്റ്ററുകൾ ഉയരുന്നത് പ്രാദേശിക തലത്തിൽ വർദ്ധിച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൊച്ചി - സേലം ദേശീയപാതയുടെ ഇരുവശങ്ങളിലുമായി നൂറു കിലോമീറ്ററോളം ദൈർഘ്യത്തിലാകും പാലക്കാട് വ്യവസായ ക്ളസ്റ്റർ വരുന്നത്. ഇതിനായി 1800 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഭൂമി കൈമാറിക്കഴിയുമ്പോൾ അവിടെ അടിസ്ഥാന വികസനം ഒരുക്കേണ്ട ദൗത്യം കേന്ദ്രത്തിനാണ്. ഇതിനായി വേണ്ടിവരുന്ന 870 കോടി രൂപയും കേന്ദ്രം മുടക്കും. വ്യവസായ ഇടനാഴിയിൽ സംസ്ഥാന സർക്കാരിന്റെ മുടക്കുമുതൽ ഭൂമിയുടെ രൂപത്തിലാകും. ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവ് സംസ്ഥാനമായിരിക്കും വഹിക്കുക.
സംസ്ഥാനത്ത് വികസന പദ്ധതികൾക്ക് എപ്പോഴും തടസമാകുന്നത് ആവശ്യത്തിന് ഭൂമി ലഭിക്കാനുള്ള തടസങ്ങളാണ്. വ്യവസായ ക്ളസ്റ്ററുകൾക്ക് 2000 മുതൽ 5000 ഏക്കർ വരെ ഭൂമി നിർബന്ധമാണെങ്കിലും കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് അത് 1800 ഏക്കറായി കുറച്ചിരിക്കുകയാണ്. പാലക്കാട്, കണ്ണമ്പ്ര, ഉഴലപ്പതി, പുതുശേരി എന്നിവിടങ്ങളിൽ നിന്നാകും സ്ഥലം ഏറ്റെടുക്കുക. തർക്കവും തടസവാദവുമൊന്നുമില്ലാതെ ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ സാധിക്കണം. വ്യവസായ ഇടനാഴിയിലൂടെ കൈവരുന്ന നേട്ടങ്ങളെക്കുറിച്ച് പ്രദേശവാസികളെ ബോദ്ധ്യപ്പെടുത്താൻ സർക്കാർ പ്രത്യേകം പ്രചാരവേല നടത്തണം. എത്രയോ കാലമായി സംസ്ഥാനം കൊണ്ടുനടക്കുന്ന ആശയമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താത്പര്യമെടുക്കുകയും പലവട്ടം കേന്ദ്രത്തോട് അപേക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂരിൽ അവസാനിപ്പിക്കാനിരുന്ന ഇടനാഴി കൊച്ചി വരെ ദീർഘിപ്പിക്കാൻ അനുമതിയായിരിക്കുന്നത്. ഈ അവസരം പൂർണമായും പ്രയോജനപ്പെടുത്താൻ നമുക്ക് സാധിക്കണം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ കേന്ദ്രത്തിനു കൂടി പങ്കുള്ളതിനാൽ ചിട്ടയോടുകൂടി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമെന്നു കരുതാം. വ്യവസായ ഇടനാഴിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ മേഖലകൾ അതിദ്രുതം വികസിക്കുന്നത് മറ്റു പ്രദേശങ്ങൾക്കും ഗുണകരമാകും. കൊച്ചി തുറമുഖം ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾക്ക് ഇതിന്റെ നേട്ടമുണ്ടാകും. ചരക്കുഗതാഗത രംഗത്തുണ്ടാകുന്നത് വമ്പൻ കുതിച്ചുചാട്ടമായിരിക്കും. ഇടനാഴിയിൽ ഉയരുന്ന ചെറുതും വലുതുമായ വ്യവസായശാലകളിൽ ഉണ്ടാകുന്ന പുതിയ തൊഴിലവസരങ്ങൾക്ക് അനുസൃതമായി പുറത്ത് അനുബന്ധ മേഖലകളിലും ധാരാളം പുതിയ തൊഴിൽ മേഖലകൾ ഉയർന്നുവരും. പ്രത്യക്ഷമായി പതിനായിരം പേർക്കാണ് ജോലി ലഭിക്കുന്നതെങ്കിൽ പരോക്ഷമായി അതിന്റെ എത്രയോ ഇരട്ടി പേർക്ക് പുതിയ അവസരങ്ങൾ ലഭ്യമാകും. ഇലക്ട്രോണിക്സ്, ബയോടെക്നോളജി, ഐ.ടി, പെട്രോകെമിക്കൽ എന്നീ പുത്തൻ മേഖലകളുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകളാകും വ്യവസായ ഇടനാഴിയിൽ കൂടുതൽ ഉണ്ടാവുക. ചരക്കുനീക്കത്തിനായി മാത്രം കൊച്ചിയിൽ നൂറ് ഏക്കറിൽ അത്യാധുനിക ലോജിസ്റ്റിക് പാർക്ക് സ്ഥാപിക്കുന്നത് വർദ്ധിച്ച ചരക്കു നീക്കം ഫലപ്രദമായി നേരിടാൻ വേണ്ടിയാണ്. മികച്ച റോഡുകൾ വരുന്നതിനൊപ്പം നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളും ഇതിന്റെ ഭാഗമാകും. മലബാർ മേഖലയിൽ നിന്ന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കുള്ള റോഡുകളും വലിയ തോതിൽ മെച്ചപ്പെടുമെന്നതും നേട്ടമാകും.
കേരളത്തിനു പുറത്തുള്ള വ്യവസായ ഇടനാഴിയെക്കുറിച്ച് കേട്ടറിവു മാത്രമാണ് മലയാളികൾക്കുള്ളത്. രാഷ്ട്രീയവും അല്ലാത്തതുമായ കാരണങ്ങളാൽ ഇത്തരം വമ്പൻ പദ്ധതികളിൽ നിന്ന് കേരളം എപ്പോഴും തഴയപ്പെടുകയാണ് പതിവ്. വലിയ കൊട്ടും ഘോഷവുമില്ലാതെ മുഖ്യമന്ത്രി മുൻകൈയെടുത്ത് കേന്ദ്രത്തെ വേണ്ട രീതിയിൽ സമീപിച്ചതുകൊണ്ട് ഇക്കുറി വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമാകാൻ സംസ്ഥാനത്തിനു സാധിച്ചുവെന്നത് നിസാര കാര്യമല്ല. പഞ്ചായത്ത് തലത്തിൽ ഒരു കിണർ കുത്തുന്നതിൽ പോലും കക്ഷിരാഷ്ട്രീയക്കുശുമ്പും തടസവാദങ്ങളുമൊക്കെയാണ് ഇവിടെ പൊതുവേ കണ്ടുവരുന്നത്. സ്വാർത്ഥ താത്പര്യങ്ങൾക്കുമേൽ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തെക്കുറിച്ച് ചിന്തിക്കുന്നതു തന്നെ അപൂർവം. അത്തരം സങ്കുചിത ചിന്തകളും എതിരിടൽ സമീപനങ്ങളും പാടെ മാറ്റിവച്ച് അനുമതി ലഭിച്ച വ്യവസായ ഇടനാഴി എത്രയും വേഗം പ്രാവർത്തികമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമുണ്ടാകണം. ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിക്കും ദേശീയപാത വികസനത്തിനുമൊക്കെ ഉണ്ടായ ദുരനുഭവങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകാതെ നോക്കണം.