കല്ലമ്പലം: ഗാർഹിക, കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ശുദ്ധമായ വെള്ളമുള്ള കുളത്തിൽ കരിഓയിൽ ഒഴിച്ചതായി പരാതി. നാവായിക്കുളം കപ്പാംവിള മുരളി മന്ദിരത്തിൽ ഉഷയുടെ ഉടമസ്ഥയിലുള്ള കുളത്തിലാണ് സാമൂഹിക വിരുദ്ധർ കരിഓയിൽ ഒഴിച്ചത്. കുളത്തിനു സമീപം റോഡിൽ കുടവൂർ വില്ലേജ് അധികൃതർ സ്ഥാപിച്ചിരുന്ന നരേന്ദ്ര മോദിയുടെ ചിത്രം അടക്കം ഭാരത സർക്കാരിന്റെ ഗ്രാമീണ വൈദ്യുത പദ്ധതി വിവരണ ബോർഡിലും കരിഓയിൽ ഒഴിച്ചിട്ടുണ്ട്. കുളത്തിൽ നിന്നും കരിഓയിൽ നീക്കം ചെയ്യാൻ വളരെ പ്രയാസപ്പെട്ടുവെന്ന് ഉടമ പറഞ്ഞു. പ്രദേശത്ത് നേരമിരുട്ടിയാൽ സാമൂഹിക വിരുദ്ധ ശല്യം ഉള്ളതായും നാട്ടുകാർ പറഞ്ഞു.