തിരുവനന്തപുരം: വാറന്റ് പ്രതിയെ തേടിയെത്തിയ പൊലീസിന്റെ മൂക്കിൽ തുളച്ചുകയറിയത് ഉഗ്രൻ വാറ്റിന്റെ ഗന്ധം. മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിലെ പ്രതിയായതിനാൽ മൂക്കിന് തെറ്റുപറ്റാനിടയില്ലെന്ന് ഉറപ്പിച്ച പൊലീസ് പരിസരമാകെ ഒന്നരിച്ചു. പൊലീസിനെ കണ്ട് വീട്ടുടമയും ആട്ടോ ഡ്രൈവറുമായ അന്തിയൂർക്കോണം കുറ്റിക്കാട്ട് പ്ളാവറത്തലയ്ക്കലിൽ സുകുവും (38) ഇയാളുടെ സഹായിയും ഓടി ഒളിക്കുക കൂടി ചെയ്തതോടെ സംശയം ബലപ്പെട്ടു. കാടുമൂടി മുനുഷ്യവാസമുണ്ടെന്ന് തോന്നാത്തവിധം കിടന്ന വീടിന്റെ പരിസരത്തുണ്ടായിരുന്ന സ്കൂട്ടറിൽ നിന്ന് ചാരായം നിറച്ചിരുന്ന ഏതാനും കവറുകൾ കണ്ടെത്തിയതോടെ തെളിവായി. വീടും പരിസരവും പരിശോധിച്ച പൊലീസ് വീടിന്റെ കക്കൂസിൽ നിന്ന് വാറ്റുപകരണങ്ങൾ കണ്ടെത്തി.
പണിപൂർത്തിയാകാത്ത വീടിന്റെ കക്കൂസിലായിരുന്നു ചാരായം വാറ്റാനുള്ള ഗ്യാസ് അടുപ്പും ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത്. സമീപത്തെ കിടപ്പുമുറിയിൽ നിന്ന് പത്ത് കന്നാസുകളിലായി 200 ലിറ്റർ കോടയും 4 ലിറ്റർ ചാരായവും മറ്റ് അസംസ്കൃത വസ്തുക്കളും കണ്ടെത്തി. അപ്പോഴേക്കും പൊലീസിന് മനസിലായി ആളൊരു വീരൻതന്നെ!
തിരുമല സ്റ്റാൻഡിലെ ആട്ടോ ഡ്രൈവറായ സുകു തനിച്ചാണ് വീട്ടിൽ താമസം. ഭാര്യയും മക്കളുമായി ഏറെ നാളായി പിണക്കത്തിൽ കഴിയുന്ന ഇയാൾക്ക് ബന്ധുക്കളോ അയൽക്കാരുമായോ സഹകരണമില്ല. മദ്യപാനവും ബഹളവും പതിവായ ഇവിടെ സുകുവിന്റെ കൂട്ടാളികളായ ചിലർ മാത്രമാണ് വന്നുപോകാറുള്ളത്. മദ്യപിച്ച് വഴക്കും ബഹളവും പതിവായതിനാൽ അയൽക്കാരും ഇവിടേക്ക് ശ്രദ്ധിക്കാറില്ല. ആട്ടോ ഡ്രൈവറെന്ന ലേബലുള്ളതിനാൽ ഇത് മറയാക്കിയാണ് സുകുവും സംഘവും ഇവിടം കേന്ദ്രീകരിച്ച് വാറ്ര് തുടങ്ങിയത്.
വീട്ടിൽ മദ്യ വിൽപ്പനയില്ലാത്തതിനാൽ പരിസരവാസികൾക്കോ പൊലീസ്- എക്സൈസ് അധികൃതർക്കോ ഇങ്ങനൊരു സൂചനയുമുണ്ടായില്ല. രാത്രിയിൽ വീട്ടിൽ വാറ്റുന്ന ചാരായം കവറുകളിലും കന്നാസുകളിലും നിറച്ച് ആട്ടോയിലും സ്കൂട്ടറിലും ദൂര സ്ഥലങ്ങളിലുള്ള വിൽപ്പന കേന്ദ്രങ്ങളിൽ എത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ ഓണത്തിന്റെ മറവിൽ വൻതോതിൽ ഇവർ ചാരായം വാറ്റി വിറ്റിരുന്നതായാണ് ലഭിക്കുന്ന വിവരം. നാലുവർഷം മുമ്പ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് ചാർജ് ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാത്തതിനാണ് സുകുവിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. സുകുവിനെയും സുഹൃത്തിനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.