തിരുവനന്തപുരം: മരട് ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നത് പോലുള്ള വിഷയങ്ങളിൽ യാന്ത്രികസമീപനം പാടില്ലെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. മരട് വിധിയുമായി ബന്ധപ്പെട്ട് ഫ്ലാറ്റ്സമുച്ചയങ്ങളിലെ താമസക്കാർക്ക് ബുദ്ധിമുട്ടില്ലാതെ പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് താത്പര്യം. സംസ്ഥാന സർക്കാർ ഇവിടെ നല്ല സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ വിജയരാഘവൻ വ്യക്തമാക്കി.
വിധി നടപ്പാക്കണമെന്ന സി.പി.ഐയുടെ കർക്കശമായ നിലപാട് അവരുടേത് മാത്രമാണ്. മരട് വിഷയം ഇടതുമുന്നണി ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ശബരിമല വിധിയുടെ കാര്യത്തിൽ ഈ സമീപനമായിരുന്നില്ലല്ലോയെന്ന ചോദ്യത്തിന് ഓരോ വിഷയത്തിന്റെയും സവിശേഷതയനുസരിച്ചുള്ള സമീപനമാണുണ്ടാവുക എന്നായിരുന്നു മറുപടി.
ഇടതുസർക്കാർ വിശ്വാസികൾക്കൊപ്പമാണ് നിൽക്കുന്നത്. ശബരിമല വിഷയത്തിലെ നിലപാട് പൂർണമായി ജനങ്ങളിലെത്തിക്കുന്നതിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ പരിമിതികളുണ്ടായിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം സ്വീകരിക്കപ്പെടാതെ പോയതിന് ഇതൊരു കാരണമാണ്. തെറ്റിദ്ധാരണകൾ നീക്കാനുള്ള പ്രവർത്തനം പാർട്ടി നടത്തിയിട്ടുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഒരു തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ളതല്ല അതൊന്നും എന്നായിരുന്നു മറുപടി. പ്രസ്ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ് സ്വാഗതവും സെക്രട്ടറി എം.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.