പൂനെ: പതിനെട്ടുകിലോമീറ്ററിന് ഓട്ടോറിക്ഷാ ചാർജ് 4300 രൂപ. കഴിഞ്ഞദിവസം രാത്രി പൂനെയിലെ ടെക്കിയിൽ നിന്നാണ് അജ്ഞാതനായ ഓട്ടോക്കാരൻ ഇത്രയും ചാർജ് വാങ്ങിയത്. ഓട്ടോ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
അർദ്ധരാത്രി താമസസ്ഥലത്തേക്ക് പോകാനായി ടാക്സി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് അതുവഴിപോയ ഓട്ടോറിക്ഷയിൽ കയറിയത്. ഡ്രൈവറെക്കൂടാതെ ഒരാളുംകൂടി ഓട്ടോയിൽ ഉണ്ടായിരുന്നു. മീറ്റർചാർജ് മാത്രം നൽകിയാൽ മതിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇറങ്ങേണ്ട സ്ഥലമെത്തിയതപ്പോൾ മീറ്ററിൽ 4300 രൂപ എന്നാണ് കാണിച്ചത്. പതിനെട്ടുകിലോമീറ്ററിന് ഇത്രയും തുക നൽകാനാവില്ലെന്നും പതിവായി കൊടുക്കുന്ന 600രൂപ നൽകാമെന്നും യുവാവ് പറഞ്ഞു.
ഇതോടെ ഡ്രൈവറുടെയും സഹായിയുടെയും സ്വഭാവം മാറി. മീറ്ററിൽ കാണിക്കുന്ന തുക തന്നില്ലെങ്കിൽ കൊല്ലുമെന്നായി ഭീഷണി. ഒടുവിൽ ഭീഷണിക്കുവഴങ്ങി പണം നൽകേണ്ടിവന്നു. തുടർന്നാണ് പരാതി നൽകിയത്. എങ്ങനെയാണ് ഇത്രയും തുക മീറ്റിറിൽ കാണിച്ചതെന്ന് വ്യക്തമല്ല.