നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. മാലിന്യം കുന്നുകൂടി വൃത്തിഹീനമായ ടൗണും പരിസരവും വളർത്തുന്ന പകർച്ചവ്യാധികൾ നാൾക്കുനാൾ പ്രദേശത്തെ ജനങ്ങളെ കീഴ്പ്പെടുത്തുകയാണ്. കഴിഞ്ഞദിവസം ജില്ലാ ജനറൽ ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയ്ക്ക് സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെ 3363 പേരാണ് എത്തിയത്.
ദിനവും ഇത്രയും രോഗികൾ എത്തുന്ന ഇവിടെ ആകെയുള്ളത് രണ്ട് കൗണ്ടർ മാത്രമാണ്. വളരെ നേരം ക്യൂനിന്ന് വേണം ഒ.പി ടിക്കറ്റ് എടുക്കാൻ. ഒ.പിയിൽ ആകട്ടെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രവർത്തിക്കുന്ന ഒ.പിയിൽ ഏറിയാൽ മൂന്ന് ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാകുക. പനി ബാധിച്ച് അവശരായവർ മണിക്കൂറുകളോളം കാത്ത് നിന്ന് വേണം ഡോക്ടറെ കാണാൻ. രോഗികൾക്ക് കാത്ത് നിൽക്കാൻ പരിമിതമായ സ്ഥലം മാത്രം ഉള്ളതിനാൽ മണിക്കൂറുകളോളം നിന്ന് പലരും ബോധരഹിതരായി വീഴുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ മിഷനും ചേർന്ന് കോടിക്കണക്കിന് രൂപ മുടക്കിയാണ് പല ഘട്ടങ്ങളിലായി ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടുകൂടി വികസിപ്പിച്ചത്. ഇതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും രോഗികൾ ഇവിടേക്ക് എത്താൻ തുടങ്ങി. എന്നാൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന രോഗികൾ വലയുകയാണ്.
ദോഷം പറയരുതല്ലോ, ജില്ലാ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡ് ആകർഷകമാണ്.
ചുമരുകൾ പെയിന്റടിച്ച് വൃത്തിയാക്കി. അതിൽ കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളെയും വരച്ചു. ഓരോദിവസവും ഓരോ കിടക്കവിരികൾ. അതും മഴവിൽ വർണത്തിലുള്ളത്. സ്വകാര്യ ആശുപത്രിയുടെ വാർഡുകളെ തോല്പിക്കുന്ന വിധത്തിലാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡ്. ബാലസൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാർഡ് നവീകരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ദിവ്യ സദാശിവൻ പറഞ്ഞു. അണുബാധയുണ്ടാകാതിരിക്കാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിട്ടുണ്ട്.
ആശുപത്രിയിലെ തന്നെ ഉപയോഗിച്ച പൈപ്പ് വെള്ളം ശുചീകരിച്ച് വീണ്ടും ഉപയോഗിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചു. നവീകരണവും നടത്തി. എന്നിട്ടും ഇവിടുത്തെ മലിനജലം ചെന്നെത്തുന്നത് ആയിരക്കണക്കിന് ജനങ്ങൾക്ക് വേണ്ടി ശുദ്ധജലം ശേഖരിക്കുന്ന നെയ്യാറിലേക്കാണ്. ഇതിനെതിരെ സമരങ്ങൾ നിരവധി നടത്തിയിട്ടും പ്രയോജനമില്ലെന്ന് നാട്ടുകാർ പറയുന്നു.