pegion

ഷിക്കാഗോ: തങ്ങളെക്കൊണ്ട് പൊറുതിമുട്ടിയെന്ന് പരാതി പറഞ്ഞ ജനപ്രതിനിധിയുടെ തലയിൽ കാഷ്ഠിച്ച് പ്രാവുകളുടെ പ്രതികാരം. അമേരിക്കയിലാണ് സംഭവം. ഡെമോക്രാറ്റിക് പ്രതിനിധിയായ ജയ്‌മി ആൻഡ്രേസിനാണ് പ്രാവുകൾ സൂപ്പർ പണി കൊടുത്തത്.

ഇൻവിൻ പാർക്ക് ബ്ളൂലൈൻ സ്റ്റേഷനും പരിസരവും പ്രാവുകളുടെ വിഹാര കേന്ദ്രമാക്കി നൂറുകണക്കിന് പ്രാവുകളാണ് ഇവിടെയുള്ളത്. ഇവയുടെ കാഷ്ഠവും തൂവലും കൊണ്ട് പ്രദേശം എപ്പോഴും വൃത്തികേടായിരിക്കും. പ്രദേശം വൃത്തിയാക്കണമെന്നും പ്രാവുകളുടെ ശല്യം ഇല്ലാതാക്കാനുള്ള നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ നടത്തിയ ആളാണ് ജയ്‌മി.

ഈ പ്രദേശത്തെക്കുറിച്ച് ന്യൂസ് ചാനലിന്റെ ലൈവ് ഷോയിൽ പങ്കെടുക്കുമ്പോഴായിരുന്നു പ്രാവുകളുടെ പ്രതികാരം. കാഷ്ഠം കൃത്യം തലയിൽത്തന്നെ വീണു. രംഗം കണ്ട് റിപ്പോർട്ടർക്ക് ചിരിയടക്കാനായില്ല. ആദ്യം ഒന്നു ചമ്മിയെങ്കിലും കിട്ടിയ അവസരം പരമാവധി മുതലാക്കാനായിരുന്നു ജയ്‌മിയുടെ ശ്രമം. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതാണ് തനിക്കുണ്ടായ അനുഭവമെന്നും നിരവധി പേർക്കാണ് ഈ ദുരവസ്ഥ അനുഭവിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞൊപ്പിച്ചു.

പക്ഷേ, ദൃശ്യങ്ങൾ വൈറലായതോടെ ജയ്മിക്ക് ട്രോളുകളുടെ പ്രവാഹമാണ്. പ്രാവുകൾക്ക് കാഷ്ഠിക്കേണ്ട സ്ഥലം കൃത്യമായി അറിയാമെന്ന തരത്തിലുള്ളതാണ് കൂടുതൽ ട്രോളുകൾ.പ്രാവുകളുടെ ശല്യം സഹിക്കവയ്യാതെ അമേരിക്കയിൽ പലയിടങ്ങളിലും പ്രാവുകൾക്ക് തീറ്റകൊടുക്കുന്നത് അധികൃതർ നിരോധിച്ചിട്ടുണ്ട്.