തിരുവനന്തപുരം: ജീവനക്കാരെ ആക്രമിച്ച് അടപ്പിക്കുന്ന ശാഖകളൊന്നും ബലപ്രയോഗത്തിലൂടെ തുറക്കാനാവില്ലെന്നും അവയെല്ലാം അടച്ചുപൂട്ടുകയേ നിവൃത്തിയുള്ളൂവെന്നും മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ എല്ലാ ശാഖകളും പൂട്ടേണ്ട സാഹചര്യമുണ്ടായാലും അക്രമത്തിന് വഴങ്ങിക്കൊടുക്കില്ല.
മുത്തൂറ്റ് സ്ഥാപനങ്ങളുടെ വ്യാപാരത്തിന്റെ നാല് ശതമാനം മാത്രമാണ് കേരളത്തിലുള്ളത്. ബാക്കി മറ്റ് സംസ്ഥാനങ്ങളിലാണ്. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ സർക്കാരാണ് ഉത്തരവാദി. രണ്ടര വർഷമായി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ എട്ട് സമരങ്ങളാണ് മുത്തൂറ്റിൽ നടത്തിയത്. 300 ഓളം ജീവനക്കാർ മാത്രമാണ് യൂണിയനിൽ അംഗങ്ങളായിട്ടുള്ളത്. സ്ഥാപനത്തിലെ 20 ശതമാനം ജീവനക്കാർ അംഗങ്ങളായിട്ടുണ്ടെങ്കിലേ യൂണിയന് നിയമപ്രകാരം അംഗീകാരം കിട്ടുകയുള്ളൂ. മുത്തൂറ്റ് ഗ്രൂപ്പിൽ ഇന്ത്യയിലാകെ 35,000 ജീവനക്കാരുണ്ട്.
സ്ത്രീകളെ ആക്രമിച്ചതടക്കം 200ഓളം ജീവനക്കാർക്കെതിരെ കേസുകളുണ്ട്. നിയമ നടപടികളുമായി മുന്നോട്ടു പോകും. അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരിൽ ജീവനക്കാർ കുറച്ചുപേരെയുള്ളൂ. ബാക്കി പുറത്തുനിന്നുള്ള സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ പോലും കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല.
നിലവിലെ നിയമപ്രകാരമുള്ള ശമ്പളം ജീവനക്കാർക്ക് നൽകുന്നുണ്ട്. അത് കിട്ടാത്ത ആരെങ്കിലുമുണ്ടെങ്കിൽ പേര് നൽകിയാൽ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രിയുമായുള്ള ചർച്ചയിൽ അറിയിച്ചതാണ്. ഇപ്പോൾ കോടതി സ്‌റ്റേ ചെയ്തിട്ടുള്ള നിയമപ്രകാരം മിനിമം വേതനം നൽകാൻ സാധാരണ കമ്പനികൾക്ക് കഴിയില്ല. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സമയത്ത് പണയ സാധനങ്ങൾ തിരികെ നൽകും. ഇതിന് ബ്രാഞ്ചുകൾ തുറക്കാൻ സി.ആർ.പി.എഫിന്റെ സഹായത്തിനായി കോടതിയെ സമീപിക്കും.