തിരുവനന്തപുരം: പാൽവില ഇന്നലെ മുതൽ നാല് രൂപ കൂടി ലിറ്ററിന് 48 രൂപ വരെയായെങ്കിലും ക്ഷീര കർഷകന് കിട്ടിയത് ശരാശരി 37 രൂപ. വർദ്ധിച്ച ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ നഷ്ടക്കച്ചവടം. പ്രതിസന്ധി പരിഹരിക്കാൻ കാലിത്തീറ്റ വില വർദ്ധന തടയാതെ കഴിയില്ലെന്ന് കർഷകർ പറയുന്നു.
പാലിന്റെ ഗുണനിലവാരം പരിശോധിച്ച് വില നൽകുന്നതിനുള്ള പുതിയ ചാർട്ട് നടപ്പിലായതോടെ, കവർ പാലിന് ഈടാക്കുന്നതിനെക്കാൾ ഇരുപത് ശതമാനം വരെ കുറഞ്ഞ തുകയാണ് ക്ഷീരസംഘങ്ങളിൽ നിന്ന് കർഷകന് ലഭിക്കുന്നത്. മിൽമയുടെ പുതിയ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലിറ്ററും ഖരപദാർത്ഥങ്ങളുടെ അളവ് (എസ്.എൻ.എഫ്) 8.5 മില്ലി ലിറ്ററുമുള്ള പാലിന് ഇന്നലെ കർഷകന് കിട്ടിയത് 37 രൂപ 21 പൈസയാണ്. ബഹുഭൂരിപക്ഷം കർഷകർക്കും ഇതേ നിലവാരത്തിലുള്ള പാലാണ് ലഭിക്കുന്നത്. കൊഴുപ്പോ എസ് .എൻ.എഫോ അല്പം കൂടിയാലും 39 രൂപയ്ക്കപ്പുറം കിട്ടില്ല. വർദ്ധിപ്പിച്ച നാല് രൂപയിൽ 3.35 രൂപയും കർഷകന് ലഭിച്ചിട്ടും നഷ്ടത്തിൽ നിന്ന് കരകയറാൻ കഴിയാത്ത സ്ഥിതി.
പിണ്ണാക്കിനും തീറ്റയ്ക്കും കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീമമായ വർദ്ധന കണക്കിലെടുക്കുമ്പോൾ പാൽ വിലവർദ്ധനകൊണ്ട് കാര്യമായ നേട്ടമില്ലെന്ന് ക്ഷീര സംഘം പ്രതിനിധികളും പറയുന്നു . തിങ്കളാഴ്ച തോറും പിണ്ണാക്കിന്റെ വില വർദ്ധിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളായ കേരള ഫീഡ്‌സും മിൽമയും തീറ്റവില കൂട്ടുന്നതിൽ മത്സരിക്കുന്നു. എള്ളിൻപിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയ്ക്കും വില കൂടുന്നു.
ചോളം, തവിട് എന്നിവയുടെ ക്ഷാമമാണ് തീറ്റവില കൂടാൻ കാരണമായി പറയുന്നത്. കേരള ഫീഡ്സ് അടക്കമുള്ള സ്ഥാപനങ്ങൾ ചോളത്തിനും എണ്ണനീക്കിയ തവിടിനും വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. വില കുറയുമ്പോൾ ഇവ വലിയ അളവിൽ സംഭരിച്ച് കേട് കൂടാതെ സൂക്ഷിക്കാൻ എഫ്.സി.ഐ ഗോഡൗണുകൾ പോലെയുള്ള സംഭരണ കേന്ദ്രങ്ങൾ സർക്കാർ ഒരുക്കണമെന്ന ആവശ്യം ഉയരുന്നു.
പാൽ വില വർദ്ധിപ്പിച്ചാലും തീറ്റ, പിണ്ണാക്ക് വില വർദ്ധന തടയാൻ സർക്കാർ ഇടപെടൽ ഉണ്ടാകാതെ ക്ഷീരമേഖലയിലെ പ്രതിസന്ധി തീരില്ല
ജെ. ജോസ് ഫ്രാങ്ക്ളിൻ
ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്
കർണാടക സർക്കാർ കർഷകന് ലിറ്ററൊന്നിന് അഞ്ചു രൂപ ഇൻസെന്റീവ് നൽകുന്നത് ഇവിടെ മാതൃകയാക്കുകയും തദ്ദേശ സ്ഥാപനങ്ങളിൽ ഉത്പാദന മേഖലയിൽ ചെലവഴിക്കുന്ന തുകയുടെ 10 ശതമാനം ക്ഷീര കർഷകന് സബ്‌സിഡിയായി നൽകുകയും ചെയ്താൽ പ്രതിസന്ധി പരിഹരിക്കാനാവും
കല്ലട രമേശ്
മിൽമ
തിരുവനന്തപുരം മേഖല ചെയർമാൻ