thiruvattar-athikaeshava-

കുഴിത്തുറ: ചരിത്ര പ്രധാനമായ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പണികൾ എങ്ങുമെത്താതെ നീളുകയാണ്. കഴിഞ്ഞ 12 വർഷക്കാലമായി പണികൾ പൂർത്തിയാക്കി കുംഭാഭിഷേകം നടത്താനായിട്ടില്ല. ചേരനാട്ടിലെ ശ്രീരംഗം എന്ന് വിശേഷിപ്പിക്കുന്ന തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ബാലാലയ പ്രതിഷ്ഠയിലാണ് പൂജകൾ നടത്തുന്നത്.പുനരുദ്ധാരണം അനന്തമായി നീണ്ടതിനെ തുടർന്ന് പൊന്മന സ്വദേശിയായ അയ്യപ്പൻ മധുര ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് 2018 ഡിസംബറിൽ ആറുമാസത്തിനകം പണികൾ പൂർത്തിയാക്കി കുംഭാഭിഷേകം നടത്തണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഒരു വർഷം മുൻപ്‌ എണ്ണത്തോണിയിലാക്കിയ കൊടിമരം പ്രതിഷ്ഠിക്കാൻ പോലും നടപടി ഉണ്ടായില്ല. കൊടിമരം സൂക്ഷിക്കുന്ന തോണിയിൽ ഉണ്ടായ വിടവിലൂടെ എണ്ണ പുറത്തേക്ക് ഒഴുകുകയാണ്. ഇത് കൊടിമരത്തിന് ദോഷം ഉണ്ടാക്കുമെന്നും അടുത്തഘട്ട പ്രവർത്തനങ്ങൾ ഉടൻ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ക്ഷേത്ര നിർമ്മാണം

തിരുവനന്തപുരം-നാഗർകോവിൽ ദേശീയപാതയിൽ മാർത്താണ്ഡത്തിൽ നിന്നും കുലശേഖരം പോകുന്ന വഴിയിൽ തിരുവട്ടാർ ഡിപ്പോയ്ക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ അനന്തപദ്മനാഭനാണ് പ്രധാന പ്രതിഷ്ഠ. തിരുവനന്തപുരം അനന്തപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയെ പോലെ ശയന രൂപത്തിലാണ് അനന്തന്റെ വിഗ്രഹം. 22അടി നീളമുള്ള വിഗ്രഹം 1608സാള ഗ്രാമകല്ലുകളാൽ നിർമ്മിക്കപ്പെട്ടതാണെന്ന് പറയുന്നു. ചേരനാടിന്റെ സംസ്കാരം വിളിച്ചു പറയുന്ന രീതിയിലാണ് ഈ ക്ഷേത്രം നിർമിച്ചിട്ടുള്ളത്.

ഐതിഹ്യം

കേശിയെന്ന അസുരനുമായി ആദികേശവ പെരുമാൾ യുദ്ധം ചെയ്യുകയും എന്നാൽ അവസാനം കേശിയെ തോൽപ്പിച്ച് അയാളുടെ ശരീരത്തിൽ കിടന്നുറങ്ങുകയും ചെയ്തു. തുടർന്ന് തന്റെ ഭർത്താവിനെ ഭഗവാനിൽ നിന്ന് രക്ഷിക്കാനായി കേശിയുടെ പത്നി ആസുരി പ്രാർത്ഥിച്ചതിന്റെ ഫലമായി ഗംഗയും താമ്രപരണി നദിയും ഒരുമിച്ചു ഒഴുകിവന്ന കേശിയുടെ പുറത്ത് ഉറങ്ങുന്ന ഭഗവാനെ കണ്ടെത്തുകയും ചെയ്തു. ഇരു നദികളെയും ഒരുമിച്ച് കണ്ട ഭഗവാൻ ഭൂമിദേവിയോട് ആ പ്രദേശത്തെ ഉയർത്തുവാൻ ആവശ്യപ്പെട്ടത് അനുസരിച്ചു. ഇരു നദികൾക്കും അവിടെ പ്രളയം സൃഷ്ടിക്കാനാകാതെ ഭഗവാനു ചുറ്റും ഒഴുകി. ഗംഗാനദി സ്പർശിച്ചതോടെ കേശി മുക്തി പ്രാപിച്ചു. ഇതിനാലാണ് ഈ ക്ഷേത്രത്തിന് ആദികേശവക്ഷേത്രം എന്ന പേര് വന്നതായി ഐതീഹ്യം പറയുന്നു.