കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്കിനും, കപ്പാംവിളയ്ക്കുമിടയിൽ പാറച്ചേരിയിൽ മാലിന്യം തള്ളൽ വീണ്ടും വ്യാപകമാകുന്നു. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ രണ്ട് മാസമായി മാലിന്യ നിക്ഷേപത്തിന് കുറവുണ്ടായിരുന്നു. സമീപവാസികൾ പ്രദേശം വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കുകയായിരുന്നു. ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. പഞ്ചായത്തിൽ പരാതി നൽകിയിട്ടും കാര്യമുണ്ടായില്ല. സമീപ പ്രദേശമായ കൂനൻചാലിലും കഴിഞ്ഞ ദിവസം വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരുന്നു . ദുർഗന്ധം മൂലം നാട്ടുകാർ പൊറുതി മുട്ടിയിരിക്കുകയാണ്. രാത്രിയിൽ വാഹനങ്ങളിൽ ദൂര സ്ഥലങ്ങളിൽ നിന്ന് മാലിന്യം കൊണ്ടുവന്ന് തള്ളുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യ നിക്ഷേപം മൂലം തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.