വിതുര: വാമനപുരം നദിയിൽ വിതുര പഞ്ചായത്തിലെ ആനപ്പാറ ആറ്റുമൺപുറത്ത് പുതിയ പാലം നിർമ്മിക്കുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 94 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ പാലം പണിയുന്നത്. ഇവിടെ പാലം നിർമ്മിക്കണമെന്ന ആദിവാസികളുടെ ആവശ്യത്തിന് 27 വർഷത്തെ പഴക്കമുണ്ട്. പാലം വരുന്നതോടെ ആറ്റിനക്കരെയുള്ള കൊങ്ങമരുതുംമൂട്, വേങ്ങത്താര, ചെമ്പിക്കുന്ന്, കല്ലൻകുടി, ആറ്റുമൺപുറം മേഖലയിൽ അധിവസിക്കുന്ന നൂറുകണക്കിന് ആദിവാസികളുടെ യാത്രാ സൗകര്യം മെച്ചപ്പെടും. ആറ്റുമൺപുറത്തിന് സമീപമുണ്ടായിരുന്ന തൂക്ക് പാലം 1992 ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിനെ തുടർന്ന് ഒലിച്ചുപോയിരുന്നു. ഇതോടെ ആദിവാസികളുടെ യാത്രാ ദുരിതം ഇരട്ടിച്ചു. പാലമില്ലാത്തതുമൂലം ആദിവാസി സമൂഹം നേരിടുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആദിവാസികളുടെ പ്രശ്നം ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു സ്ഥലം സന്ദർശിക്കുകയും പാലം നിർമ്മിക്കുന്നതിനായി അടിയന്തരമായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 94 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു.

 നിർമ്മാണോദ്ഘാടനം ഇന്ന്

ആറ്റുമൺപുറത്ത് നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പ്രീജ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെ. വേലപ്പൻ, എൽ.വി. വിപിൻ, പഞ്ചായത്ത് അംഗങ്ങളായ എം. ലാലി, ഷാഹുൽനാഥ് അലിഖാൻ, എം. ശോഭന, മഞ്ജുഷാആനന്ദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജി. അപ്പുക്കുട്ടൻകാണി, സി.പി.എം വിതുര ഏരിയാ സെക്രട്ടറി എൻ. ഷൗക്കത്തലി, കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്, എ.എ. റഷീദ്, വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി, പി. ശ്രീകണ്ഠൻനായർ, ജോയ്മോൻ, കെ. ബിനു, രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.