road

കിളിമാനൂർ: പുറമ്പോക്ക് മാർക്ക് ചെയ്ത സ്ഥലമെടുത്ത് ജംഗ്ഷൻ വികസിപ്പിക്കുമെന്ന് ബി. സത്യൻ എം.എൽ.എ. സുരക്ഷാ ഇടനാഴി പദ്ധതി പ്രകാരം സംസ്ഥാന പാതയിൽ കെ.എസ്.ടി.പി നടത്തുന്ന വികസനവുമായി ബന്ധപ്പെട്ട് കിളിമാനൂർ ജംഗ്ഷനിൽ നാട്ടുകാരും വ്യാപാരികളും കെ.എസ്.ടി.പി.അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാറ്റ് പാക്ക്‌ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്ലാൻ അനുസരിച്ചാണ് റോഡ് സേഫ്റ്റി വർക്കുകൾ നടക്കുന്നത്. കിളിമാനൂർ ജംഗ്ഷൻ വികസനം നാറ്റ് പാക്ക് തയ്യാറാക്കിയ അലൈൻമെന്റ് നിലവിലുണ്ട്, അതനുസരിച്ച് സ്ഥലം മാർക്ക് ചെയ്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. റോഡ് പുറമ്പോക്ക് കൈയെറ്റം ഒഴിവാക്കും, നിലവിൽ ചിലയിടങ്ങളിൽ റോഡ് കൈയേറ്റം നിലനിറുത്തി റോഡ് വികസിപ്പിക്കുമെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്. ഇത് അടിസ്ഥാന രഹിതമാണ് - കൈയേറ്റങ്ങൾ ഒഴിവാക്കി തന്നെ റോഡ് നിർമ്മാണം നടത്തണമെന്ന് കെ.എസ്.ടി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോയിന്റ് ഇൻസ്പക്ഷൻ നടത്തി ജനങ്ങളുടെ സംശയം മാറ്രിയേ നിർമ്മാണം പൂർത്തിയാക്കാവൂ എന്ന് ചീഫ് എൻജിനിയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജംഗ്ഷനിൽ പുറമ്പോക്ക് ഏറ്റെടുക്കാതെ, പുറമ്പോക്ക് കൈയേറിയവരും പഞ്ചായത്തും കെ.എസ്.ടി.പി.അധികൃതരും ഒത്തുകളിക്കുകയാണെന്ന് പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരൻ ആരോപിച്ചു.