lion

തിരുവനന്തപുരം: ഗുജറാത്തിൽ നിന്ന് നെയ്യാർ സഫാരി പാർക്കിലേക്ക് കൊണ്ടുവന്ന പെൺസിംഹം ചത്തു. ആറര വയസുള്ള രാധയെന്ന സിംഹമാണ് ഇന്നലെ പുലർച്ചെ ചത്തത്. ആഗസ്റ്റ് 18നാണ് രണ്ട് മലയണ്ണാനുകളെ പകരം നൽകി ഗുജറാത്തിലെ സക്കർബാഗ് മൃഗശാലയിൽ നിന്ന് നാഗരാജ, രാധ എന്നീ രണ്ട് സിംഹങ്ങളെ തിരുവനന്തപുരത്തെത്തിച്ചത്. ഡാമിലുള്ള പാർക്കിൽ ഇവയുടെ കൂടുകളുടെ നവീകരണവും മറ്റ് ജോലികളും പൂർത്തിയാകാത്തതിനാൽ താത്കാലികമായി തിരുവനന്തപുരം മൃഗശാലയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഗുജറാത്തിൽ നിന്ന് എത്തിച്ചതു മുതൽ രാധ ഭക്ഷണം കഴിക്കുന്നതിന് മടി പ്രകടിപ്പിച്ചിരുന്നു. രണ്ടാഴ്ചയായി പക്ഷാഘാതത്തെ തുടർന്ന് അവശയായ രാധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.

അണുബാധയാണ് മരണകാരണമെന്ന് കരുതുന്നതായി വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഇ.കെ. ഈശ്വരൻ പറഞ്ഞു. ആന്തരാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം മൃഗശാലയിൽ സംസ്കരിച്ചു. രാധയ്ക്കൊപ്പം എത്തിച്ച ആൺസിംഹം നാഗരാജയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് നെയ്യാ‍ർ സഫാരി പാർക്കിലെ സിന്ധുവെന്ന പെൺസിംഹത്തിന് കൂട്ടായി രണ്ട് സിംഹങ്ങളെ എത്തിച്ചത്.