വെഞ്ഞാറമൂട്: കെ.എം.വൈ.എഫ് വെമ്പായം മേഖലാ കമ്മിറ്റിയുടെ 'കനിവ് പദ്ധതി" കാരുണ്യം ചൊരിഞ്ഞപ്പോൾ സഫലമായത് കന്യാകുളങ്ങര സ്വദേശി പരേതനായ ഷജീബിന്റെ നിരാംലംബരായ കുടുംബത്തിന്റെ സ്വപ്നമാണ്. തലചായ്ക്കാൻ സ്വന്തമായൊരു വീടെന്ന ഭാഗ്യം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണിവർ.
വാടകവീട്ടിലായിരുന്നു ഷജീബും കുടുംബവും താമസിച്ചിരുന്നത്. രണ്ടു വർഷം മുമ്പ് അവിചാരിതമായെത്തിയ പനി ഷജീബിന്റെ
യും പിതാവിന്റെയും ജീവൻ കവർന്നു. ഇതോടെ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുമായി ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയായിരുന്നു ഷജീബിന്റെ ഭാര്യ. ഉദാരമതികളുടെ സഹായമാണ് കുടുംബത്തെ മുന്നോട്ട് നയിച്ചത്. അപ്പോഴും സ്വന്തമായി ഒരു വീടില്ലെന്നത് ഈ കുടുംബത്തിനെ അലട്ടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കെ.എം.വൈ.എഫ് വീട് നിർമ്മിച്ച് നൽകാൻ സന്നദ്ധത അറിയിച്ചത്. വീടിന്റെ പ്രമാണ കൈമാറ്റം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. സ്‌നേഹതീരം ഫൗണ്ടേഷൻ ചെയർമാൻ ചിറയിൻകീഴ് നൗഷാദ് ബാഖവി വീടിന്റെ താക്കോൽ ഷജീബിന്റെ മക്കളായ അൽഫിയ, ഫൈസൽ എന്നിവർക്ക് കൈമാറി. ചടങ്ങിൽ കനിവിന്റെ 9-ാം വാർഷിക പരിപാടിയുടെ ബ്രോഷർ മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത പ്രകാശനം ചെയ്തു. ജാസ്മിൻ ഇല്യാസ്, പള്ളിക്കൽ നസീർ, കൊയത്തൂർക്കോണം സുന്ദരൻ, അൽതാജ്, ആരുഡിയിൽ താജ്, വണ്ടിപ്പുര സുലൈമാൻ ഹാജി, വെമ്പായം അബ്ദുൽ സലിം മന്നാനി, ഹുസൈൻ കൊടിവിളാകം, ഷബീർ വമ്പായം, അസീം കൊടിവച്ചവിള, ഇർഷാദ് അൽറഫ, നൗഷാദ് പ്രിൻസ്, പനവൂർ സഫീർഖാൻ മന്നാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.