കിളിമാനൂർ: വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി നടപ്പാക്കുന്ന സുരീലി ഹിന്ദി പദ്ധതിയുടെ ഭാഗമായി ദേശീയ ഹിന്ദി ദിനം മുതൽ 28 വരെ രണ്ടാഴ്ചക്കാലം ഹിന്ദി പക്ഷാചരൺ സംഘടിപ്പിക്കും യു. പി വിഭാഗത്തിൽ ഹിന്ദി പഠനം സുഗമവും രസകരവുമാക്കാനാണിത്. കിളിമാനൂർ ബി.ആർ.സി ഹിന്ദി അദ്ധ്യാപക കൂട്ടായ്മയുടെ സഹകരണത്തോടെ ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനത്തോടൊപ്പം സ്കൂൾ തലത്തിൽ കൈയെഴുത്ത്, കഥ, കവിത, ഉപന്യാസം, പോസ്റ്റർ തുടങ്ങിയ രചനാ മത്സരങ്ങളും പ്രസംഗം, കവിത ആലാപനം, ദേശഭക്തിഗാനം സ്റ്റേജ് മത്സരങ്ങളും സംഘടിപ്പിക്കും. അഞ്ച് കോർണറുകളിലായി രചനാ മത്സരങ്ങൾ, ഭക്ഷ്യമേള, പസിൽ കോർണർ, ചാർട്ട് പ്രദർശനം, ഫിലിം ഷോ എന്നിവയും നടത്തും. സ്കൂൾ തല മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒക്ടോബർ 5 ന് മടവൂർ സി.എൻ.പി.എസ്. ഗവ.എൽ.പി.എ.സി ലും യു.പി.എസിലുമായി നടക്കുന്ന ഉപജില്ലാ തല മേളയിൽ പങ്കെടുക്കാം. പൂർണമായും ഹിന്ദി അന്തരീക്ഷത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ കാണുന്നതിന് പൊതുജനങ്ങൾക്കും കുട്ടികൾക്കും അവസരമുണ്ട്. ബി.ആർ.സിയിൽ നടന്ന ഹിന്ദി അദ്ധ്യാപക കൂട്ടായ്മ എ.ഇ.ഒ വി.രാജു ഉദ്ഘാടനം ചെയ്തു. ബി.പി.ഒ എം.എസ് സുരേഷ് ബാബു, പരിശീലകൻ വൈശാഖ് കെ.എസ്, വിവിധ സ്കൂളുകളിലെ ഹിന്ദി അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. രാജേന്ദ്രകുറുപ്പ് നന്ദി പറഞ്ഞു.