വെഞ്ഞാറമൂട്: കഴിഞ്ഞദിവസത്തെ ശക്തമായ മഴയിൽ റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കേടായ തെങ്ങ് കടപുഴകി വൈദ്യുതി കമ്പിയിൽ വീണു. സദാ തിരക്കുള്ള റോഡിലേക്ക് പതിക്കാതെ തെങ്ങ് വൈദ്യുതി കമ്പിയിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അമ്പലംമുക്ക് സ്വദേശി പുഷ്പരാജന്റെ പുരയിടത്തിൽ നിന്ന തെങ്ങാണ് സമീപത്തുകൂടി കടന്നുപോകുന്ന 11കെ.വി ലൈനിന് കുറുകെ വീണത്. ബുധനാഴ്ച വൈകിട്ട് 3ന് കീഴായിക്കോണം ശാലിനി ഭവൻ സ്കൂളിനും അമ്പലംമുക്ക് ജംഗ്ഷനും മദ്ധ്യേയാണ് അപകടം. വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ ലീഡിംഗ് ഫയർമാൻ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെങ്ങ് മുറിച്ച് മാറ്റി.