തിരുവനന്തപുരം:ശ്രീനാരായണ ഗുരുവിന്റെ ജീവിതവും വിശ്വമാനവിക ദർശനവും നവോത്ഥാന മുന്നേറ്റങ്ങളും അതിന്റെ സർവകാല പ്രസക്തിയും ലോകശ്രദ്ധയിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച പുസ്തകം വായനക്കാരിലേക്ക്. 'ശ്രീനാരായണഗുരു - ദി മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ്'എന്ന ഇംഗ്ലീഷ് ഗ്രന്ഥം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ഇന്നു വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കവയിത്രി ഒ.വി.ഉഷ ഗ്രന്ഥത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങും.
അക്കാഡമി ആദ്യമായാണ് ശ്രീനാരായണഗുരുവിനെപ്പറ്റി ഇംഗ്ലീഷിൽ ഒരു ബൃഹദ് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. അക്കാഡമി അംഗമായ മങ്ങാട് ബാലചന്ദ്രനാണ് ഗ്രന്ഥത്തിന്റെ എഡിറ്റർ.
ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷനാകും. സാഹിത്യഅക്കാഡമി പ്രസിഡന്റ് വൈശാഖൻ ഗുരുസ്മരണ നടത്തും. ഐ.എം.ജി. ഡയറക്ടർ കെ.ജയകുമാർ, അക്കാഡമി വൈസ് പ്രസിഡന്റ് ഡോ.ഖദീജ മുംതാസ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അക്കാഡമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, തുടങ്ങിയവർ പങ്കെടുക്കും.
ഗ്രന്ഥത്തിന്റെ ഉള്ളടക്കം
ഗുരുവിന്റെ ജീവചരിത്രം, ചരിത്ര മുഹൂർത്തങ്ങൾ, സന്ദേശങ്ങൾ, ആത്മോപദേശ ശതകം, ദർശനമാല, അദ്വൈതദീപിക, ബ്രഹ്മവിദ്യാപഞ്ചകം, ജാതിനിർണ്ണയം തുടങ്ങിയ 20 ദാർശനിക കൃതികളുടെ പരിഭാഷ, ഗുരുവുമായി മഹാത്മാഗാന്ധി, സി.വി.കുഞ്ഞുരാമൻ,സഹോദരൻ അയ്യപ്പൻ എന്നിവർ നടത്തിയ സംഭാഷണങ്ങളുടെ പൂർണരൂപം, ശിവഗിരി തീർത്ഥാടനമെന്ന ആശയത്തിന്റെ ലക്ഷ്യവും ഉള്ളടക്കവും വെളിപ്പെടുത്തുന്ന ഗുരുവിന്റെ ചരിത്രസംഭാഷണം, സ്വാമി രംഗനാഥാനന്ദ, മുനി നാരായണപ്രസാദ്, ഒ.എൻ.വി, സ്വാമി ഋതംഭരാനന്ദ, സ്വാമി സംപ്രസാദ്, ഡോ.സുനിൽ പി.ഇളയിടം എന്നിവരുടെ ലേഖനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന അഞ്ചു ഭാഗങ്ങളാണ് ഗ്രന്ഥത്തിനുള്ളത്.