വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് രണ്ട് വിദ്യാർത്ഥികൾ റോഡിൽ തെറിച്ചു വീണു.പിന്നാലെ എത്തിയ കാർ യാത്രികൾ ഇവരെ ആശുപത്രിയിൽ എത്തിച്ചു.ബസ് നിർത്താതെ കുറച്ചു ദൂരം ഓടിയതായി പരാതി. ഇന്നലെ രാവിലെ കോവളം ജംഗ്ഷനു സമീപത്തുണ്ടായ അപകടത്തിൽ തിരുവനന്തപുരം മോഡൽ എച്ച്.എസ്.എസിലെ 10 റാം ക്ലാസ് വിദ്യാർത്ഥി വിഴിഞ്ഞം ടൗൺഷിപ്പ് ഹൗസ് നം. 72 ൽ അലിയാർ കാസിലിൽ അർഷാദ് (14) ചാക്ക ഐ.ടി.ഐ വിദ്യാർത്ഥി കോവളം പുത്തൻ റോഡ് വേലിയിടത്തു വീട്ടീൽ ഷംനാദ് (18) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. കാലുകൾക്ക് പൊട്ടറ്റേ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അർഷാദിന്റെ വലതുകാലിലും ഷംനാദിന്റെ വലതുകാലിനും തുടയെല്ലിനും ഗുരുതരമായ പൊട്ടൽ ഉള്ളതിനാൽ ഇരുവരെയും ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ പൂവാർ ഡിപ്പോയിലെ ബസിൽ നിന്നുമാണ് ഇവർ വീണത്. നല്ല തിരക്കും വേഗത്തിലും ഓടിയിരുന്ന ബസിന്റെ മുൻ വാതിലാണ് തുറന്നത്.നല്ല തിരക്കുണ്ടായിരുന്നതിനാൽ വാതിലിനു സമീപം നിന്ന അർഷാദ് വാതിൽ തുറന്ന് പുറത്തേയ്ക്ക് വീഴാൻ തുടങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷംനാദും പുറത്തേയ്ക്ക് വീണത്. അതേ സമയം അപകടത്തെ തുടർന്ന് ബസ് നിർത്തിയെങ്കിലും തിരുവനന്തപുരത്തു പോയി മടങ്ങിയെത്താമെന്ന് പറഞ്ഞ് ബസ് പോയതായി അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ പറഞ്ഞു. അപകടം നടന്നയുടനെ ബസ് നിർത്തിയെന്നും പരിക്കേറ്റവരെ 108 ആംബുലൻസ് ലഭിക്കാത്തതിനാൽ പുറകിലെത്തിയ കാറിൽ ഇരുവരെയും കയറ്റി വിട്ടുവെന്നും ബസിലുണ്ടായിരുന്ന തന്റെ ബന്ധുവായ ഒരാളെ ഇവരോടൊപ്പം ആശുപത്രിയിലേക്ക് അയച്ചുവെന്നും ബസിലെ കണ്ടക്ടർ സുരേഷ് പറഞ്ഞു.