g-sudhakaran

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ ടി.ഒ.സൂരജ് ഒപ്പിട്ട 24 ഉത്തരവുകൾ ഈ സർക്കാർ വന്നശേഷം റദ്ദാക്കിയിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തരവുകളിലെ പൊരുത്തക്കേടുകളാണ് റദ്ദാക്കുവാൻ കാരണമായത്. സൂരജ് പ്രശ്‌നക്കാരനാണെന്ന് നേരത്തെ അറിവുണ്ടായിരുന്നു.

മേൽപാലം നിർമാണത്തിനായി മുൻകൂർ പണം നൽകിയത് തെറ്റാണ്.
പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആർ.ഡി.എസ് പ്രൊജക്‌ട്സ് എക്കാലത്തും വിവാദങ്ങൾക്കൊപ്പമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പുഴ ബൈപ്പാസ് കരാർ ഏറ്റെടുത്തിട്ടുള്ളതും ഈ കമ്പനി തന്നെയാണ്. ബൈപ്പാസിന്റെ പണി വൈകുന്നത് കമ്പനിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് സൂചിപ്പിക്കുന്നത്.

പാലാരിവട്ടം കേസിൽ ആഭ്യന്തര അന്വേഷണം തൃപ്തികരമായിരുന്നില്ല. തുടർന്നാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കത്ത് ലഭിച്ചയുടൻ തന്നെ അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.