photo

നെടുമങ്ങാട് : ജനാഭിലാഷമറിഞ്ഞ് മനസിരുത്തി പ്രവർത്തിച്ചതിന് നെടുമങ്ങാട് ബ്ലോക്കു പഞ്ചായത്തിന് പുരസ്കാരങ്ങളുടെ പെരുമഴക്കാലം.കേന്ദ്ര സർക്കാരിന്റെ 2019 -ലെ ദീൻദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരൺ അവാർഡ് ഇക്കുറിയും നെടുമങ്ങാട് ബ്ലോക്കിന്.തുടർച്ചയായി രണ്ടാം തവണയാണ് ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം നെടുമങ്ങാടിനെ തേടി എത്തുന്നത്. ബ്ലോക്കു നടപ്പിലാക്കിയ വിവിധ മാതൃകാപദ്ധതികൾക്കുള്ള അംഗീകാരമായിട്ടാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാരിന്റെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഇക്കൊല്ലത്തെ സ്വരാജ് ട്രോഫിയും മികച്ച ജനപ്രതിനിധിക്കുള്ള പ്രതിഭാ പുരസ്കാരവും നെടുമങ്ങാട് ബ്ലോക്കിനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ബി.ബിജുവാണ് പ്രതിഭാ പുരസ്കാരത്തിന് അർഹനായത്. കൂടാതെ, മികച്ച ജീവനക്കാർക്കുള്ള അവാർഡും കൃഷി വകുപ്പിന്റെ ജൈവഗ്രാമം അവാർഡുകളും ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ലഭിച്ചിട്ടുണ്ട്. വ്യത്യസ്തവും വിപുലവും ജനോപകാരപ്രദവുമായ അനവധി പദ്ധതികളാണ് ബ്ലോക്ക് പ്രസിഡന്റ് ബി.ബിജുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുരുങ്ങിയ കാലത്തിനുള്ളിൽ ആവിഷ്കരിച്ചു നടപ്പിലാക്കിയത്. പ്രളയകാല ആശ്വാസം എത്തിക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച 'നവകേരള സൃഷ്ടിക്കായ് അതിജീവനം" പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനവും ബയോഗ്യാസ് ഉത്പാദക സംരംഭവും ബ്ലോക്ക് പഞ്ചായത്തിനെ ശ്രദ്ധേയമാക്കിയിരുന്നു. നീരുറവകൾ സംരക്ഷിക്കാനും വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും ബ്ലോക്ക് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ പരക്കെ കൈയടി നേടിയിട്ടുണ്ട്.