asamova-gyan
asamova gyan

കൊൽക്കത്ത : മൂന്ന് ലോകകപ്പുകളിൽ ഘാനയ്ക്ക് വേണ്ടി കളിച്ച സ്ട്രൈക്കർ അസമോവ ഗ്യാൻ അടുത്ത സീസൺ ഐ.എസ്.എല്ലിൽ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനായി കളിക്കും. 33 കാരനായ ഗ്യാൻ തുർക്കി ക്ളബ് കായ്സെരിപ്പോറുമായുള്ള കരാർ ജൂലായ് ഒന്നിന് അവസാനിച്ചശേഷം മറ്റൊരു ക്ളബിലും ചേർന്നിട്ടില്ല.

2006, 2010, 2014 ലോകകപ്പുകളിലാണ് ഗ്യാൻ ഘാനയ്ക്ക് വേണ്ടി കളിച്ചത്. 2006 ലോകകപ്പിലെ വേഗമേറിയ ഗോളിന്റെ (68-ാം സെക്കൻഡിൽ ചെക്ക് റിപ്പബ്‌ളിക്കിനെതിരെ) ഉടമയാണ്. 2010 ൽ അമേരിക്കയ്ക്കെതിരെ പ്രീക്വാർട്ടറിൽ വിജയഗോളടിച്ച് ഘാനയെ ക്വാർട്ടറിലെത്തിച്ച് ചരിത്രം കുറിച്ചു. 2014 ൽ ചാമ്പ്യൻമാരായിരുന്ന ജർമ്മനിയെ 2-2ന് സമനിലയിൽ തളയ്ക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് സണ്ടർലാൻഡ്, യു.എ.ഇ ക്ളബ് അൽ ഐ.എൻ.എഫ്.സി, ചൈനീസ് ക്ളബ് ഷാങ്ഹായ് സിപ്ഗ് തുടങ്ങിയവയ്ക്ക് വേണ്ടി ഗ്യാൻ കളിച്ചിട്ടുണ്ട്.