psc

തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ യൂണിവേഴ്സിറ്റി കോളേജിന് പുറത്തെത്തിച്ചത് ആരാണെന്നതടക്കമുള്ള കാര്യങ്ങളിൽ പരസ്പരവിരുദ്ധമായ മൊഴികൾ നൽകി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ വട്ടംകറക്കുകയാണ് മുഖ്യ പ്രതിയായ രണ്ടാം റാങ്കുകാരൻ പ്രണവ്. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയാണ് ചോദ്യപേപ്പർ, പുറത്തുകാത്തുനിന്ന ഗോകുൽ, സഫീർ എന്നിവർക്ക് കൈമാറിയതെന്ന് ആദ്യം പറഞ്ഞ പ്രണവ്, പിന്നീട് പി.എസ്.സി പരീക്ഷയെഴുതാനെത്തിയ സുഹൃത്തെന്ന് മാറ്റിപ്പറഞ്ഞു. സഹായിച്ചവരുടെ പേരുകൾ വെളിപ്പെടുത്തിയതുമില്ല.

ചോദ്യം പുറത്തെത്തിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയാലെ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങുകയുള്ളൂ. അതിന്റെ ഭാഗമായി ഇവരെ സഹായിച്ച പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കെതിരെയും കേസെടുക്കും. നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനയിലൂടെ ചോദ്യം പുറത്തെത്തിച്ചവരെ കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. കോട്ടയത്ത് ഒളിവിൽ കഴിയവേ, ഉത്തരങ്ങൾ എസ്.എം.എസായി സ്വീകരിക്കാനുപയോഗിച്ച സ്‌മാർട്ട് വാച്ച് നശിപ്പിച്ചെന്നാണ് പ്രണവിന്റെ മൊഴി. ഇയാളുമായി കോട്ടയത്ത് തെളിവെടുപ്പ് നടത്തിയെങ്കിലും വാച്ചിന്റെ അവശിഷ്ടങ്ങൾപോലും കണ്ടെത്താനായില്ല. ഉത്തരങ്ങൾ അയച്ച മൊബൈൽ ഫോണുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവയിലേതെങ്കിലുമൊന്ന് കിട്ടിയാലേ സൈബർ ഫോറൻസിക് പരിശോധനയിലൂടെ, എസ്.എം.എസ് അയച്ചത് ഉത്തരങ്ങളാണോയെന്ന് സ്ഥിരീകരിക്കാനാവൂ. ഇന്ന് ഉച്ചയോടെ പ്രണവിന്റെയും കൂട്ടുപ്രതി സഫീറിന്റെയും കസ്റ്റഡി കാലാവധി അവസാനിക്കും.

പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് മ​റ്റ് പ്രതികളായ ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ എന്നിവരുടെ മൊഴി. യൂണിവേഴ്‌സി​റ്റി കോളേജിലെ വധശ്രമക്കേസിൽ 17- ാം പ്രതിയായ പ്രണവിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇക്കാലയളവിൽ പ്രണവിനെ പി.എസ്.സി വിജിലൻസ് വിഭാഗം വിളിച്ചുവരുത്തി മൊഴിയെടുത്തതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. പരസ്പരവിരുദ്ധമായ മൊഴികൾ നൽകി അന്വേഷണം വഴിതെറ്റിക്കാനാണ് പ്രണവ് ശ്രമിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രണവ് പരീക്ഷയെഴുതിയ ആ​റ്റിങ്ങലിലെ സ്‌കൂളിൽ ഇയാളുമായി തെളിവെടുപ്പ് നടത്തി.

പ്രായം കൂടുന്നു, വേഗം പൊലീസിൽ കയറണം

പ്രായം കൂടിയാൽ ജോലി ലഭിക്കില്ലെന്ന ആശങ്ക മൂലമാണ് പരീക്ഷാ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പ്രണവ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഇയാൾക്ക് 26 വയസുണ്ട്. ഇനിയും വൈകിയാൽ പൊലീസിൽ ജോലി ലഭിക്കില്ലെന്നും പഠിച്ച് എഴുതിയാൽ ജയിക്കില്ലെന്നും ഉറപ്പുള്ളതിനാലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതത്രേ. ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ കൈവശം സ്മാർട്ട് വാച്ചുണ്ടായിരുന്നതിനാൽ അതുപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ശിവരഞ്ജിത്തിനൊപ്പം ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും അതിനായി സുഹൃത്തുക്കളായ ഗോകുൽ, സഫീർ എന്നിവരുടെയും മ​റ്റ് ചില സുഹൃത്തുക്കളുടെയും പിന്തുണ ലഭിച്ചെന്നും പ്രണവ് മൊഴി നൽകിയിട്ടുണ്ട്.