പാലോട്: കുടുംബശ്രീയുടെ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസിന്റെ പ്രവർത്തനം സ്ത്രീകളുടെ പുതു സംരംഭങ്ങൾക്ക് താങ്ങാകുന്നു. പഞ്ചായത്തിലാകെ 290 കുടുംബശ്രീ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ എസ്.വി.ഇ.പി പദ്ധതിയിൽ ഉൾപ്പെടുത്തി 35 ചെറുകിട വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റുകളിൽ ഏകദേശം എഴുന്നൂറിലധികം വനിതകൾ സ്വയം തൊഴിൽ കണ്ടെത്തിക്കഴിഞ്ഞു. കൃഷിയിലും ഇവർ മുൻപന്തിയിൽ തന്നെയുണ്ട്. പാട്ട ഭൂമിയിൽ കൃഷിയിൽ നൂറുമേനി വിളയിച്ച സംഘങ്ങൾ ധാരാളമാണ്. കോഴി വളർത്തലിലും പശുവളർത്തലിലും ഉപജീവനം കണ്ടെത്തുന്ന കുടുംബശ്രീ യൂണിറ്റുകളും ഈ സി.ഡി.എസിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഒരു കോടി രൂപ വായ്പയായി അനുവദിച്ചു കഴിഞ്ഞു. ഈ തുക ഇരുപത്തിയഞ്ച് യൂണിറ്റുകൾക്കായ് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനായ് നൽകും. അഭ്യസ്ഥവിദ്യരായ യുവതികൾക്ക് തൊഴിൽ സഹായവും നൽകി നാടിനാകെ മാതൃകയാവുകയാണ് നന്ദിയോട് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്.