3

ശ്രീകാര്യം : കഴിഞ്ഞ മഴക്കാലത്ത് തകർന്ന ചെമ്പഴന്തി ചാരിയോട്ടുകുളം റോഡ് മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതയോഗ്യമായില്ല. റോഡിനോട് ചേർന്ന ചാരിയോട്ടുകുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു താണതിനെത്തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടത്. ചെമ്പഴന്തിയിൽ നിന്ന് വിളയിൽ ക്ഷേത്രം വഴി ഗാന്ധിപുരം റോഡിൽ കയറാനുള്ള എളുപ്പവഴി എന്ന നിലയിൽ നൂറുകണക്കിന് ആളുകളും വാഹനങ്ങളുമാണ് ഈ റോഡ് ഉപയോഗിച്ചിരുന്നത്. റോഡ് തകർന്നതോടെ ചെമ്പഴന്തി അണിയൂർ ക്ഷേത്രം റോഡാണ് ആളുകൾ ഗാന്ധിപുരത്തേക്ക് പോകാൻ ഉപയോഗിക്കുന്നത്. ചാരിയോട്ടുകുളം റോഡ് തകർന്ന ഭാഗത്ത് മണൽ ചാക്കുകൾ അടുക്കി നഗരസഭാ താത്കാലിക സഞ്ചാരസൗകര്യം ഒരുക്കിയിരുന്നുവെങ്കിലും ഇക്കഴിഞ്ഞ മഴയിൽ അത് ഒലിച്ചുപോയതോടെ വീണ്ടും പഴയപടിയായി. ഇരുചക്ര വാഹനങ്ങൾ പോലും കഷ്ടിച്ചേ കടന്നുപോകു എന്ന അവസ്ഥയാണ്. ബലമുള്ള കോൺക്രീറ്റ് പാർശ്വഭിത്തികെട്ടി റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ഫണ്ട് നഗരസഭയ്ക്ക് ലഭ്യമല്ലാത്തതിനാൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വേണം റോഡ് പണിനടത്താൻ. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥലം സന്ദർശിച്ച് പുരാതനമായ ഈ കുളത്തിലെ തകർന്ന പാർശ്വഭിത്തി കോൺക്രീറ്റിൽ നിർമ്മിച്ച് ബലപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായാണ് അറിയിച്ചത്. ഇതോടെ തകർന്ന റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ നഗരസഭയ്ക്ക് കഴിയും. കുളം സംരക്ഷിക്കുമ്പോൾ കുളത്തിന്റെ കരയിൽ ആളുകൾക്ക് വിശ്രമിക്കുന്നതിനാവശ്യമായ ഇരിപ്പിടങ്ങളും പൂന്തോട്ടങ്ങളും നിർമ്മിക്കണമെന്ന ആവശ്യം ശ്രീനാരായണ അന്തർദ്ദേശിക പഠനകേന്ദ്രവും മുന്നോട്ടുവെച്ചിട്ടുണ്ട്. കുളം നവീകരണത്തോടെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നതിനാൽ നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.