മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്തിനെ വിഭജിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. വലിയറത്തല കേന്ദ്രമാക്കി പഞ്ചായത്ത് രൂപീകരിക്കണമെന്നതാണ് പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടത്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 20 വാർഡുകളിൽ നിന്ന് 6 വാർഡും പള്ളിച്ചൽ പഞ്ചായത്തിലെ 6 വാർഡുകളും ചേർത്ത് വലിയറത്തല ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്ന പ്രമേയമാണ് ഇടതുമുന്നണിയുടെ എതിർപ്പോടെ മലയിൻകീഴ് പഞ്ചായത്ത്‌ ഭരണസമിതി പാസാക്കിയത്. കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. 27,000 ത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിൽ 6 വാർഡുകൾ വിഭജിക്കപ്പെടുന്നതോടെ നിരവധി വികസന പദ്ധതികൾ സാദ്ധ്യമാകുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദം. സർക്കാർ പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുന്നതിലേക്കുള്ള നിർദ്ദേശം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മലയിൻകീഴ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധാകൃഷ്ണൻ നായർ ഭരണസമിതി യോഗത്തെ അറിയിച്ചു. വലിയറത്തല കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത്‌ രൂപീകരിക്കണമെന്നും, മറുകിൽ മേഖലയുടെ അവികസിത പിന്നാക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകുമെന്നും വിശദീകരിച്ചാണ് അരുവാക്കോട് വാർഡ് അംഗം നിയദുൽ അക്‌സർ പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണം കഴിഞ്ഞതോടെ രണ്ട് ബി.ജെ.പി അംഗങ്ങളും കോൺഗ്രസിനൊപ്പം ചേർന്ന് പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രേഖാമൂലം കത്ത് നൽകി. 7 നെതിരെ 11 വോട്ടുകൾക്കാണ് പ്രമേയം പാസായത്. അരുവാക്കോട്, കുന്നുംപാറ, കൃഷ്ണപുരം, ഗോവിന്ദമംഗലം, പെരുമന, മച്ചേൽ വാർഡുകളാണ് മലയിൻകീഴ് പഞ്ചായത്തിൽ നിന്നു മാറ്റാനുദ്ദേശിക്കുന്നത്.