crime-branch

തിരുവനന്തപുരം: പള്ളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആക്രമണം നടത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മന്ത്രി കെ.കെ.ശൈലജ ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്ക് നിർദേശം നൽകി. രോഗികളുടെ അഭയ കേന്ദ്രമാണ് ആശുപത്രി. അതിനാൽ തന്നെ ജീവനക്കാർക്ക് സമാധാനത്തോടെ ജോലി ചെയ്യാൻ സാധിക്കണം. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഉന്നതരെ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ബന്ധുക്കൾ അക്രമം ഉണ്ടാക്കുകയല്ല ചെയ്യേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറെ കൈയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ വിവിധ സംഘടകൾ ഇതിനോടകം പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. സൂചനാസമരത്തിന് പിന്നാലെ ഇന്ന് ഒ.പി ബഹിഷ്കരണം നടത്താനും ഡോക്ടർമാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രി ഡി.ജി.പിയ്ക്ക് നിർദേശം നൽകിയത്.