university-college

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാ‌ർത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെപ്പറ്റി മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ പറഞ്ഞത് അട്ടിമറിച്ചതായി ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോർട്ടുകളിൽ മേൽനടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ചോദ്യത്തിന് മന്ത്രി ജലീൽ നൽകിയ മറുപടി വിദ്യാർത്ഥിനിയുടേയും കോളേജിലെ മറ്റ് വിദ്യാർത്ഥികളുടേയും മൊഴി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക‌ൃത്യ വിലോപം തെളിഞ്ഞ കേസുകളിൽ അദ്ധ്യാപകർക്ക് സ്ഥലംമാറ്രവും മറ്റുളളവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയെന്നാണ്. ജൂൺ 26നായിരുന്നു സഭയെ ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് ജൂൺ 14നാണ് ഇറങ്ങിയത്. അതിൽ മന്ത്രി, നിയമസഭയിൽ പറഞ്ഞ പ്രകാരം കൃത്യ വിലോപത്തിന്റെ പേരിൽ ആരെയെങ്കിലും സ്ഥലംമാറ്റിയിരുന്നില്ല. പിന്നീട് സ്ഥലംമാറ്റ ഉത്തരവ് കോളേജ് വിദ്യാഭ്യാസ വകുപ്പിൽ നിന്നിറങ്ങുന്നത് ജൂലെെ 27നാണ്. പതിനൊന്ന് അദ്ധ്യാപകരെയാണ് അന്ന് സ്ഥലംമാറ്റിയത്. അതിൽ ഒരാൾപോലും പെൺകുട്ടി ആക്ഷേപം ഉന്നയിച്ചവരല്ല.

പെൺകുട്ടിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് കൊളീജിയേറ്റ് എഡ്യുക്കേഷൻ ഡയറക്ടർ ഹരിത വി കുമാർ തയാറാക്കിയ റിപ്പോർട്ടിൽ സബ്ജക്ട് അദ്ധ്യാപകരെപോലെ ഭാഷാദ്ധ്യാപകർ വേണ്ടത്ര ആത്മാർത്ഥത കാണിക്കുന്നില്ലെന്ന് വിദ്യാർത്ഥികളുടെ പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അദ്ധ്യാപകരുടെ ബയോ മെട്രിക് അറ്റൻഡൻസ് പരിശോധിച്ചപ്പോൾ പലരും കൃത്യ സമയത്ത് ഹാജരാകുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദി, ഇംഗ്ളീഷ് വിഭാഗങ്ങളിലെ അദ്ധ്യാപകരെ സ്ഥലം മാറ്റാൻ തീരുമാനിക്കുന്നത്.

കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥിനി എന്ന നിലയിൽ തനിക്ക് കോളേജിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെപ്പറ്റി രണ്ട് അദ്ധ്യാപകരോട് വാക്കാൽ കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് പെൺകുട്ടിയുടെ മൊഴിയുണ്ട്. ഇക്കാര്യം ഹരിത.വി. കുമാറിന്റെ റിപ്പോർട്ടും ശരിവയ്ക്കുന്നു. ഹരിത.വി കുമാർ യൂണിവേഴ്സിറ്റി കോളേജിലെത്തി അന്വേഷണം നടത്തിയപ്പോൾ വിദ്യാർത്ഥിനിയുടെ പരാതിയെ നിസാരവത്കരിച്ചതിൽ ഒരു അദ്ധ്യാപകനെ ശാസിക്കുകയും ചെയ്തിരുന്നു. എന്നാൽ, മറ്റ് നടപടികളൊന്നുമുണ്ടായില്ല.

മാനദണ്ഡമില്ലാത്ത സ്ഥലംമാറ്റം

പൊതുസ്ഥലം മാറ്റത്തിൽ മാനദണ്ഡങ്ങൾ പലപ്പോഴും കാറ്രിൽപറക്കുന്നുവെന്നും ആക്ഷേപമുണ്ട്. അതിനൊരു ഉദാഹരണമാണ് സെപ്തംബർ ഒമ്പതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ്. കൊടുവളളി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലായ ഡോ.ബി.അജിതകുമാരിയെ തിരുവനന്തപുരം കാര്യവട്ടം ഗവൺമെന്റ് കോളേജിലേയ്ക്ക് സ്ഥലംമാറ്രി. സർക്കാർ ജീവനക്കാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗത്തിൽ ഉൾപ്പെട്ടയാളാണ് ഡോ.ബി അജിതകുമാരി. എന്നാൽ, ആ പരിഗണന നൽകാതിരുന്നതിനാൽ ഈ അദ്ധ്യാപിക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിച്ചു. 2020 മാർച്ചിൽ വിരമിക്കുന്ന ഈ അദ്ധ്യാപികയ്ക്ക് ഉത്തരവ് നടപ്പാക്കേണ്ട അവസാന തീയതി കഴിഞ്ഞ ശേഷമാണ് സ്ഥലംമാറ്റം കിട്ടുന്നത്.

ഇതിന് സമാനമായ അനുഭവമാണ് യൂണിവേഴ്സിറ്റി കോളേജിൽ നിന്നും സ്ഥലംമാറ്റപ്പെട്ട ഒരു അദ്ധ്യാപികയ്ക്കും ഉളളത്. സ്ഥലംമാറ്റത്തിൽ പ്രത്യേക പരിരക്ഷ കിട്ടേണ്ട വിഭാഗത്തിൽ ആ അദ്ധ്യാപിക ഉൾപ്പെടുന്നു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ അനുകൂല നിർദേശമുണ്ടായിട്ടും ഇതുവരെ ആ അദ്ധ്യാപികയെ യൂണിവേഴ്സിറ്റി കോളേജിൽ തിരിച്ച് നിയമിച്ചിട്ടില്ല.