crime

ആലപ്പുഴ: മുണ്ടുടുത്ത് മോഷണ ബൈക്കുകളിൽ കറങ്ങി സ്ത്രീകളുടെ സ്വർണമാല പിടിച്ചുപറിക്കുന്ന മൂന്നംഗ സംഘം സംസ്ഥാനത്ത് നടത്തിയത് 200 ഓളം സ്വർണ കവർച്ചകൾ. എറണാകുളം, തൃശൂർ, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 'ഓപ്പറേഷൻ മുണ്ടൻസ് ഹണ്ടി' ലൂടെ ആലപ്പുഴ ഡിവൈ.എസ്.പി പി.വി.ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോട്ടയം നടുഭാഗം പൂഞ്ഞാർ കീരിയാനിക്കൽ കെ.എസ്.സുനിൽ (കീരി സുനി- 41), ചൂണ്ടാശേരി ഭരണങ്ങാനം വരിക്കപൊതിയിൽ വി.ടി. അഭിലാഷ് (41), പയ്യാനിത്തോട്ടം തെക്കേക്കര പൂഞ്ഞാർ വടക്കേൽ വീട്ടിൽ രമേശൻ (ആലുവ കണ്ണൻ-33) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 60 പവൻ ആഭരണങ്ങളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. പ്രായമായ സ്ത്രീകൾ നടന്നു പോകുമ്പോൾ പരിചയഭാവം ഭാവിച്ച് അടുത്തുകൂടി ചിരിച്ച് സംസാരിക്കും. സുനിലാണ് ബൈക്ക് ഓടിക്കുന്നത്. പിന്നിലിരുന്ന് അഭിലാഷ് മാല പറിക്കും.

ഒരു ജില്ലയിൽ രണ്ടോ മൂന്നോ മോഷണം നടത്തിയ ശേഷം സംഘം അടുത്ത ജില്ലയിൽ പ്രവേശിച്ച് മോഷണം തുടരും. സുനിൽ നിരവധി അടിപിടി കേസിലെ പ്രതിയാണ്. ആറുവർഷമായി ഇവർ പൊലീസ് പിടിയിലായിട്ടില്ല. ജില്ലയിലെ മോഷണ പരമ്പരയുടെ അടിസ്ഥാനത്തിൽ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർച്ച സമയത്ത് പ്രതികൾ ബൈക്കിൽ സഞ്ചരിക്കുന്നത് മുണ്ടുടുത്താണെന്ന് ബോദ്ധ്യമായതിനാലാണ് ഓപ്പറേഷൻ മുണ്ടൻസ് എന്ന പേര് നൽകിയത്. കൂത്താട്ടുകുളം, പാല ഭാഗങ്ങളിലൂടെയാണ് മോഷണശേഷം പ്രതികളുടെ പ്രധാന സഞ്ചാരമെന്നും കണ്ടെത്തിയിരുന്നു.

കുടുക്കിയത് സി.സി ടി.വി
വിവിധ ഭാഗങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ ഫോട്ടോയും മറ്റും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് വഴിത്തിരിവായത്. ഈരാറ്റുപേട്ടയിലെ തിടനാട് എന്ന സ്ഥലത്ത് പ്രതികളിലൊരാളെ തുണി വിൽക്കുന്നയാളിനൊപ്പം കണ്ടതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ബംഗളൂരുവിൽ തുണിയെടുക്കുന്നതിനിടെ അഭിലാഷിനെ പിടികൂടിയത്. തുടർന്ന് കേസിലെ മുഖ്യപ്രതിയായ സുനിലിനെയും മൂന്നാമനായ രമേശനെയും പിടികൂടി. അഭിലാഷിനെയും കുടകിൽ നിന്ന് രമേശനെയും പൊലീസ് ആലപ്പുഴയിൽ എത്തിക്കുകയായിരുന്നു.