കൊച്ചി: പാലാരിവട്ടം ഫ്ലൈഓവർ അഴിമതിക്കേസിൽ ആരോപണ മുൾമുനയിൽ നിൽക്കുന്ന മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള ചുവടു വയ്പ്പുകളുമായി വിജിലൻസ്. കോടികളുടെ അഴിമതി നടന്ന പാലാരിവട്ടം ഫ്ലൈഓവറിന്റെ നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും വിജിലൻസ് വീണ്ടും പഠിക്കുന്നു. കേസിൽ റിമാൻഡിൽ കഴിയുന്ന പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജിന്റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഫയലുകൾ ഇഴകീറി പരിശോധിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങളും നേരത്തെ ചോദ്യം ചെയ്തവരുടെ മൊഴിയും ഒത്ത് നോക്കും. പ്രത്യേകം ചോദ്യം തയ്യാറാക്കും. ഇതിന് ശേഷമായിരിക്കും ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുക. വീണ്ടും ഹാജരാകണമെന്ന് കാട്ടി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
സൂരജിന്റെ ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് സൂചന. അതേസമയം, ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ വിജിലൻസ് തയ്യാറായില്ല. ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്‌കോയിലെയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. മുൻ പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
അറസ്റ്റ് മുൻകൂട്ടിക്കണ്ട്, മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി ഇബ്രാഹിം കുഞ്ഞ് നിയമോപദേശം തേടിയതായും സൂചനയുണ്ട്. പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, ഇബ്രാഹിംകുഞ്ഞിനെതിരെ നടപടിയുണ്ടാകുമെന്ന വിവരം വിജിലൻസ് സ്പീക്കറുടെ ഓഫീസിനെ അറിയിച്ചതായാണ് വിവരം. അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് ഇന്നലെ വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്. പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് മന്ത്രിയുടെ ഉത്തരവിൻമേലാണെന്ന് ടി.ഒ സൂരജ് വീണ്ടും ആവർത്തിച്ചതോടെയാണ് ഇബ്രാഹിം കുഞ്ഞ് കുരുക്കിലായത്.
റിമാൻഡ് കാലാവധി അവസാനിക്കാനിരിക്കെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു സൂരജിന്റെ വെളിപ്പെടുത്തൽ. താൻ ഇടപെട്ടാണ് അതിന് പലിശ ഈടാക്കാൻ തീരുമാനിച്ചത്. 8.25 കോടി രൂപ നിർമാണക്കമ്പനിയായ ആർ.ഡി.എസിന് നൽകിയതിൽ അപകാതയില്ല. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് പണം നൽകിയതെന്നും സൂരജ് ആവർത്തിച്ചിരുന്നു. ടി.ഒ സൂരജ് ഉൾപ്പടെയുള്ളവരുടെ റിമാൻഡ് കാലാവധി കോടതി ഒക്ടോബർ മൂന്നുവരെ നീട്ടി.
കൊച്ചിയിലുണ്ട്, രംഗത്തെത്തി
പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജിന്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ ഇന്നലെ മാറിനിന്ന മുൻ മന്ത്രിയും പാലാവരിവട്ടം ഫ്ലൈഓവർ അഴിമതിക്കേസിൽ ആരോപണ മുൾമുനയിൽ നിൽക്കുന്ന വി.കെ. ഇബ്രാഹിം കുഞ്ഞ് ഇന്ന് രാവിലെ മാദ്ധ്യങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. കൊച്ചിയിലെ വീട്ടിൽ വച്ചാണ് അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടത്. ടി.ഒ സൂരജിന്റെ ആരോപണം പാടെ തള്ളിയായിരുന്നു ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇബ്രാഹിം കുഞ്ഞ് മറുപടി നൽകിയത്. പാലം പണിയുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ തീരുമാനങ്ങളെല്ലാം നയപരം മാത്രമായിരുന്നുവെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഉപയോഗിച്ചത് ഒരു മന്ത്രിയെന്ന നിലയിലുള്ള അവകാശമാണ്. മുൻകൂർ പണം നൽകിയതിൽ ചട്ടലംഘനമില്ല. മൊബിലൈസേഷൻ അഡ്വാൻസ് ശേഖരിക്കാനടക്കം മുൻകൂർ പണം നൽകുന്ന കീഴ്വഴക്കം എല്ലാ സർക്കാരുകളും തുടർന്ന് വരുന്നതാണ്. ഈ സർക്കാരും അത് ചെയ്യുന്നുണ്ട്. ബഡ്ജറ്റിതര പ്രോജക്ടുകൾക്കെല്ലാം ഇത്തരത്തിൽ പണം നൽകാറുണ്ട്. ബഡ്ജറ്റിൽ തുക വകയിരുത്താത്ത എല്ലാ പദ്ധതികൾക്കും ഇത്തരത്തിൽ പണം നൽകാൻ കഴിയും. ടി.ഒ സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. കുറേക്കാലം പൊതുമരാമത്ത് വകുപ്പിന് സ്വന്തമായി സെക്രട്ടറിയുണ്ടായിരുന്നില്ല. അഡീഷണൽ സെക്രട്ടറിമാർക്ക് അധിക ചുമതല നൽകുകയായിരുന്നു പതിവ്. ലോകബാങ്ക് ഉൾപ്പടെയുള്ള ഏജൻസികൾ ഇതിൽ ബുദ്ധിമുട്ട് അറിയിച്ച സാഹചര്യത്തിലാണ് ഇത് മാറ്റി വകുപ്പിനൊരു സെക്രട്ടറിയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതുവരെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്ന് ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.