കോട്ടയം: മദ്യപിക്കാൻ പണം കൊടുക്കാത്തതിന് പിതാവിനെ തല ഭിത്തിയിൽ ഇടിപ്പിച്ച് കൊന്നു. മകൻ അറസ്റ്റിൽ. പായീപ്പാട് കൊച്ചുപള്ളി വാഴപ്പറമ്പിൽ തോമസ് വർക്കിയാണ് (കുഞ്ഞപ്പൻ - 76) കൊല്ലപ്പെട്ടത്. പ്രതി ജോസഫ് തോമസിനെ (അനി - 35) പൊലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് ചങ്ങനാശേരി കോടതിയിൽ ഹാജരാക്കും.
17ന് രാത്രിയിൽ പായിപ്പാട്ടാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് തൃക്കൊടിത്താനം സി.ഐ സാജു വർഗീസ് വീട്ടിലെത്തിയപ്പോൾ സംസ്കാര ചടങ്ങുകൾ നടക്കുകയായിരുന്നു. തുടർന്ന് മൃതദേഹം ഏറ്റെടുത്ത പൊലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
സംഭവദിവസം കുഞ്ഞപ്പന്റെ ഭാര്യ ചിന്നമ്മ റാന്നിയിലുള്ള മകൾ ലിസിയുടെ വീട്ടിലായിരുന്നു. രാത്രിയിൽ മദ്യലഹരിയിൽ എത്തിയ അനി മദ്യപിക്കാനായി പെൻഷൻ തുകയിൽ നിന്ന് നൂറു രൂപ പിതാവിനോട് ആവശ്യപ്പെട്ടു. പണം കൈയ്യിലില്ലെന്ന് പറഞ്ഞതോടെ അനി പിതാവിന്റെ തല ശക്തമായി ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. ഈ സമയം ഇരട്ടകളായ അനിയുടെ സഹോദരൻ സിബിയും വീട്ടിലുണ്ടായിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ അനി, സിബിയുടെ കൈ കടിച്ചു പറിച്ചു.
അനക്കമില്ലാതെ നിലത്ത് കിടന്ന കുഞ്ഞപ്പൻ മരിച്ചുവെന്ന് ബോധ്യമായതോടെ അനി ഒറ്റയ്ക്ക് പിതാവിനെ കട്ടിലിൽ കയറ്റി കിടത്തി. ഈ സമയം പിതാവിനെ ആശുപത്രിയിലാക്കണമെന്ന് ആവശ്യപ്പെട്ടതോടെ നാട്ടുകാരുടെ സഹായത്തോടെ പായിപ്പാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാൽ തെന്നി വീണതാണെന്നാണ് അനിയും സിബിയും ആശുപത്രിയിൽ പറഞ്ഞത്.
മുറിയ്ക്കകത്ത് രക്തം തളം കെട്ടിയിരുന്നത് തുടച്ചുകളഞ്ഞശേഷമാണ് അനി നാട്ടുകാരെ വിവരം അറിയിച്ചത്. പിതാവ് രാത്രിയിൽകട്ടൻകാപ്പി ചോദിച്ചപ്പോൾ അത് ഉണ്ടാക്കി നല്കിയെന്നും പിന്നെ നോക്കുമ്പോൾ തല ഇടിച്ച് വീണ നിലയിലും കണ്ടെത്തുകയാണെന്നുമാണ് അനി പൊലീസിനോട് ആദ്യം പറഞ്ഞത്. കുഞ്ഞപ്പനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നതായി ഡോക്ടർ വ്യക്തമാക്കി. തുടർന്ന് ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.
പിതാവ് മരിച്ചവിവരം പള്ളിവികാരിയെ രണ്ടു മക്കളും ചേർന്ന് അറിയിച്ചു. നടന്ന സംഭവങ്ങൾ വികാരിയച്ചനെ ഇവർ അറിയിച്ചിരുന്നില്ല. സംസ്ക്കരിക്കാനുള്ള നടപടികൾ പള്ളി സ്വീകരിച്ചു. കല്ലറയും റെഡിയാക്കി. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ വീട്ടിലെത്തിച്ചു. പതിനൊന്നു മണിയോടെ സംസ്കരിക്കാനായിരുന്നു പരിപാടി. ഇതിനിടയിലാണ് തൃക്കൊടിത്താനം സി.ഐക്ക് രഹസ്യവിവരം ലഭിച്ചത്. സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ സ്ഥലത്തെത്തിയ പൊലീസ് വിവരം പുരോഹിതനെ അറിയിച്ചശേഷം മൃതദേഹം ഏറ്റെടുക്കുകയായിരുന്നു. സഹോദരങ്ങളെയും കസ്റ്റഡിയിലെടുത്തു.
ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ സ്ഥലത്തെത്തി അനിയെയും സിബിയെയും ചോദ്യം ചെയ്തതോടെയാണ് കുഞ്ഞച്ചന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇന്ന് രാവിലെ അനിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ സന്ധ്യയോടെ ബന്ധുക്കൾ ഏറ്റുവാങ്ങിയ കുഞ്ഞപ്പന്റെ മൃതദേഹം പായിപ്പാട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മദ്യപാനികളായ അനിയും സിബിയും വീട്ടിലെത്തി വഴക്കുണ്ടാക്കുക പതിവാണെന്ന് നാട്ടുകാർ പൊലീസിൽ മൊഴിനൽകിയിട്ടുണ്ട്.