മരുഭൂമിവത്കരണവും വരൾച്ചയും പ്രളയവും, രാസമാലിന്യങ്ങളും ലവണത്വവും താറുമാറാക്കിയ മണ്ണിനെ തിരിച്ചുപിടിക്കേണ്ടത് ഭാവിയുടെ സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് ലോകരാജ്യങ്ങൾ ഒന്നായി ചുവടുവയ്ക്കുകയാണ്. മണ്ണിനുണ്ടാകുന്ന വിനാശങ്ങൾക്ക് 2030 ഓടെ അറുതിയുണ്ടാക്കും എന്ന തീരുമാനമെടുത്തു കൊണ്ടാണ് സെപ്തംബർ രണ്ട് മുതൽ 13 വരെ ഗ്രേറ്റർ നോയിഡയിൽ ഇന്ത്യ ആതിഥ്യം വഹിച്ച, ഐക്യരാഷ്ട്രസഭയുടെ മരുഭൂമിവത്കരണം ചെറുക്കുന്നതിനുള്ള കൺവെൻഷന്റെ 14-ാം കോൺഫറൻസ് ഒഫ് പാർട്ടീസ് സമ്മേളനം അവസാനിച്ചത്,
നൂറിലധികം രാഷ്ട്രങ്ങളുടെ അഭിപ്രായ സമന്വയത്തോടെ നടന്ന 'ഡൽഹി പ്രഖ്യാപനം" 190-ഓളം രാജ്യങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സെപ്തംബർ ഒൻപതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ 2030 ഓടെ ഇന്ത്യയിലെ 26 ദശലക്ഷം ഹെക്ടർ ഭൂമി പുനരുദ്ധരിക്കാനുള്ള വലിയ ദൗത്യമാണ് ഇന്ത്യ ഏറ്റെടുത്തിരിക്കുന്നതെന്ന പ്രഖ്യാപനവും ഉണ്ടായി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിൽ ഇതിനായി ഒരു സെന്റർ ഒഫ് എക്സലൻസ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. റിമോട്ട് സെൻസിംഗും, ബഹിരാകാശ സാങ്കേതികവിദ്യയുമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രായോഗിക പദ്ധതികൾ ആവിഷ്കരിക്കാനും ഒപ്പം അറിവുകൾ പങ്കുവയ്ക്കാൻ താത്പര്യമുള്ള ദക്ഷിണ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയ്ക്കും അദ്ദേഹം ഊന്നൽ നൽകുന്നു.
മരുഭൂമിവത്കരണം ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടി ഒപ്പുവച്ചത് 1992-ൽ റിയോ ഡി ജനിറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലായിരുന്നു. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനും ജൈവവൈവിദ്ധ്യ സംരക്ഷണത്തിനുമുള്ള രണ്ട് ഉടമ്പടികൾ കൂടി അന്ന് രൂപീകരിക്കപ്പെട്ടിരുന്നു. അവയ്ക്ക് ലഭിച്ച സ്വീകാര്യത ഈ കൺവെൻഷന് ലഭിച്ചില്ല. മരുഭൂമിവത്കരണം ഒരു ആഗോള പ്രശ്നമല്ലെന്നും, തങ്ങൾക്കതിന്റെ ആവശ്യമില്ലെന്നുമാണ് പാശ്ചാത്യ രാജ്യങ്ങൾ വാദിച്ചത്.
ഉഷ്ണമേഖലാ വനപ്രദേശങ്ങൾക്കുമേൽ തങ്ങൾക്കു മേൽക്കോയ്മ ലഭിക്കാനുള്ള ഒരു ഉടമ്പടിക്ക് വേണ്ടിയാണ് അവർ വാദിച്ചത്. എന്നാൽ ജി 77 രാഷ്ട്രങ്ങൾ തങ്ങളുടെ സമ്പത്ത് വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ശക്തമായ എതിർപ്പിനെത്തുടർന്ന് അതൊരു പ്രഖ്യാപനം മാത്രമായി നിലനിറുത്തിയതായി ജി 77 ടെക്നിക്കൽ അഡ്വൈസറായിരുന്ന ഡോ.എസ്.ഫയ്സി വെളിപ്പെടുത്തുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ആഗ്രഹം നടന്നില്ലെങ്കിലും അന്ന് തങ്ങൾക്ക് അനുകൂല നിലപാടെടുത്ത ആഫ്രിക്കൻ രാജ്യങ്ങളുടെ ആവശ്യത്തെ അവർ അനുകൂലിച്ചതിനാലാണ് ഈ കൺവെൻഷൻ കൂടി രൂപീകരിക്കാൻ കഴിഞ്ഞത്.
25 വർഷത്തോളം അവഗണിക്കപ്പെട്ടു കിടന്ന ഈ കൺവെൻഷന്റെ പ്രതിഛായ മാറാൻ തുടങ്ങിയത് അടുത്ത കാലത്താണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ ലോകം മുഴുവൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ജീവികളുടെ വംശനാശത്തിനെതിരെ പൊരുതി തോറ്റുനിൽക്കുന്ന വേളയിൽ, ഈ ആഗോള ഉടമ്പടിയുടെ പ്രസക്തി നാം തിരിച്ചറിയുകയാണ്. ഏറ്റവും പ്രാധാന്യം നൽകേണ്ട പ്രകൃതി വിഭവങ്ങളാണ് മണ്ണും ജലവും. അവയുടെ ആരോഗ്യകരമായ അവസ്ഥയെ തിരിച്ചു കൊണ്ടുവരേണ്ടത് നാളെകളെ കരുപ്പിടിപ്പിക്കാൻ അനിവാര്യമാണ്.
ലോകത്താകമാനം വർഷംതോറും 12 മില്യൺ ഹെക്ടർ ഭൂമി വീതം നശീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. നൂറിലധികം രാജ്യങ്ങൾ ഇന്ന് മരുഭൂമിവത്കരണത്തിന്റെ പിടിയിലമർന്നിരിക്കുന്നു. ലോകത്താകെ 1.3 ബില്യൺ ജനങ്ങളാണ് ഭൂമിയുടെ നശീകരണം മൂലം നേരിട്ട് ദുരിതമനുഭവിക്കുന്നത്. 3.2 ബില്യൺ ജനങ്ങൾ പരോക്ഷമായി ഇതിന്റെ കെടുതികൾ സഹിക്കുന്നു. ഈ നില തുടർന്നാൽ 2050 ആകുമ്പോഴേക്കും 700 ദശലക്ഷം ജനങ്ങൾ ഇത്തരം പ്രദേശങ്ങളിൽ ദുരിത ജീവിതം പേറാൻ വിധിക്കപ്പെടും എന്ന് പരിതപിക്കുമ്പോഴും, ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളുടെ പ്രതിജ്ഞാബദ്ധമായ നിലപാടുകളിൽ കൃതാർത്ഥതയോടെ മണ്ണിന്റെ പുനരുജ്ജീവനം സ്വപ്നം കാണുകയാണ് യുണൈറ്റഡ് നേഷൻസ് കൺവെൻഷൻസ് ടു കോംബാറ്റ് ഡെസെർട്ടിഫിക്കേഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഇബ്രാഹിം തിയാവ.
ചരിത്രം പരിശോധിച്ചാൽ എന്നും മരുഭൂമിവത്കരണം നടന്നിരുന്നു എന്നു കാണാം. എന്നാൽ കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇത് മുൻപുണ്ടായിരുന്നതിന്റെ 30 - 35 മടങ്ങ് വേഗതയാർജ്ജിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിലാണ് ഭൂമിയിലെ കരഭാഗത്തിന്റെ നാലിലൊന്ന് പ്രദേശങ്ങൾ ഉപയോഗ്യമല്ലാതായത്. 1500 ദശലക്ഷത്തിലധികം ജനങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്നത് ഈ പ്രദേശങ്ങളെയാണ്. ലോകജനസംഖ്യയുടെ 18 ശതമാനത്തെയും വളർത്തുമൃഗങ്ങളിൽ 15 ശതമാനത്തെയും പോറ്റുന്ന ഇന്ത്യയ്ക്ക് കൈമുതലായുള്ളത് ആകെയുള്ള കരയുടെ 2.8 ശതമാനം മാത്രമാണ്. ഇന്ത്യൻ സ്പേസ് റിസർച്ച് അഹമ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷൻ സെന്റർ 2018 പ്രസിദ്ധീകരിച്ച ഇന്ത്യയുടെ 'ഡെസെർട്ടിഫിക്കേഷൻ ആൻഡ് ലാൻഡ് ഡീഗ്രഡേഷൻ അറ്റ്ലസ് രേഖപ്പെടുത്തുന്നത് ഇന്ത്യയുടെ 96.40 ദശലക്ഷം ഹെക്ടർ പ്രദേശം ഏതാണ്ട് 30 ശതമാനത്തോളം ഭൂപ്രദേശം നശിപ്പിക്കപ്പെട്ടിരിക്കുന്നതായാണ് . ഇതിന്റെ 1/4 പ്രദേശങ്ങൾ നഷ്ടപ്പെട്ടത് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിലാണ്.
ദീർഘമായ വരൾച്ചയും കൂടക്കൂടെ ആവർത്തിക്കുന്ന പ്രളയവും മണ്ണിടിച്ചിലിനും വനനശീകരണത്തിനും കാരണമാകും. ജനസംഖ്യാ വർദ്ധനവിനൊപ്പം വർദ്ധിച്ചു വരുന്ന ഭക്ഷണത്തിന്റെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും ആവശ്യകത ഭൂമിയുടെയും ജലത്തിന്റെയും മറ്റ് പ്രകൃതിവിഭവങ്ങളുടെയും മേൽ വർദ്ധിച്ച വെല്ലുവിളികളുയർത്തും.
ഭൂഗർഭജലത്തിന്റെ അമിതമായ ചൂഷണവും ജലസേചന സംവിധാനങ്ങളുടെ അഭാവവും നമ്മുടെ കൃഷിരീതികളും ചേർന്ന് ചില പ്രദേശങ്ങളിൽ മരുഭൂമിവത്കരണം ക്ഷണിച്ചു വരുത്തുകയാണ്.
ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ളൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) ന്റെ 2019 ലെ സ്പെഷൽ റിപ്പോർട്ടിൽ, ആധുനിക കൃഷിരീതികൾക്കു വേണ്ടി രാസസംയുക്തങ്ങളും അവയുടെ നിർമ്മാണത്തിനായി വളർന്നുവന്ന വ്യവസായങ്ങളും പരിസ്ഥിതിക്കുണ്ടാക്കുന്ന സമ്മർദ്ദങ്ങൾ തിരിച്ചറിഞ്ഞ് ലഘൂകരിക്കാനുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭൂമിയെ നശിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മറ്റൊരു ഘടകത്തെക്കുറിച്ച് അവസരോചിതമായി പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി. ഒരു തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ളാസ്റ്റിക്. ഈ വസ്തുത തിരിച്ചറിഞ്ഞ് ഇത്തരം പ്ളാസ്റ്റിക് ഉപേക്ഷിക്കാൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തെ ആഹ്വാനം ചെയ്യുകയും ഇന്ത്യ അടുത്ത വർഷം അത്തരം പ്ളാസ്റ്റിക് നിരോധിക്കുമെന്നും അറിയിച്ചു. മണ്ണും ജലവും സംരക്ഷിക്കുന്നതിലൂടെ കാടുകളെയും പ്രകൃതിവിഭവങ്ങളെയും പുരോഗതിയിലേക്കു നയിക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും കഴിയും. ഒപ്പം താഴേത്തട്ടിലുള്ള ജനങ്ങളുടെ ഉപജീവനോപാധികൾ വിപുലമാക്കാനും അവരുടെ സാമ്പത്തിക നില ഭദ്രമാക്കാനും കഴിയും. അങ്ങനെ ലോകം സുസ്ഥിര വികസന പന്ഥാവിലൂടെ മുന്നേറട്ടെ.