nk

തിരുവനന്തപുരം: ആധുനിക മലയാള നാടകത്തിനും മലയാള ഭാഷയ്ക്കും വിലപ്പെട്ട സംഭാവന നൽകിയ വ്യക്തിയാണ് എൻ. കൃഷ്ണപിള്ളയെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. നാടകാചാര്യൻ എൻ. കൃഷ്ണപിള്ളയുടെ 103-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്ന് ദിവസ കലോത്സവം നന്ദാവനം എൻ. കൃഷ്ണപിള്ള സ്മാരക സംസ്കൃതി കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള ഭാഷാ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും എഴുമറ്റൂർ രാജരാജവർമ്മ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും അടൂർ നിർവഹിച്ചു. ഫൗണ്ടേഷന്റെ പരിഷ്കരിച്ച വെബ്സൈറ്ര് വി.എസ്. ശിവകുമാർ എം.എൽ.എയും, എൻ. കൃഷ്ണപിള്ള ബാലവേദി 12-ാം വാർഷികം,​ ബലാബലം നാടകത്തിന്റെ 75-ാം വാർഷികം എന്നിവ നടൻ എം.ആർ. ഗോപകുമാറും ഉദ്ഘാടനം ചെയ്തു. വി.എസ്. സുനിൽകുമാർ,​ എം. സന്തോഷ് കുമാർ,​ വിജയൻ,​ പി. അനീഷ് എന്നിവരെ ആദരിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായി. എഴുമറ്റൂർ രാജരാജവർമ്മ, പിരപ്പൻകോട് മുരളി, ജി. ശ്രീറാം,​ ആർ. വിനോദ്കുമാർ, ടി.ആർ. ജയകുമാരി, എസ്. ഹനീഫ റാവുത്തർ, ബേബി ജോൺ, ബി. സനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ബലാബലം നാടകം അരങ്ങേറി. ഇന്ന് രാവിലെ 10.30ന് ഗ്രന്ഥശാല - മ്യൂസിയം- സാഹിതീസഖ്യം വാർഷികം, വൈകിട്ട് 5ന് സമ്മാനദാനം, 7ന് നവീന വിൽകലാമേള തുടങ്ങിയവ നടക്കും. നാളെ വൈകിട്ട് 5.30ന് എൻ. കൃഷ്ണപിള്ള 103-ാം വാർഷികം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും. പുതുശ്ശേരി രാമചന്ദ്രൻ, ഡി. ബഞ്ചമിൻ, പിരപ്പൻകോട് മുരളി, എ. പ്രഭാകരൻ, രാധാകൃഷ്ണൻ ശ്രീമന്ദിരം തുടങ്ങിയവർ പങ്കെടുക്കും.