ooli

കായലും കായലിന്റെ അടിത്തട്ടും കായലിന്റെ നടുക്കുള്ള ഒരു തുരുത്തുമാണ് സിനിമയുടെ പശ്ചാത്തലം. പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ ഒരുപറ്റം സാമൂഹ്യവിരുദ്ധർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതും അവൾ കൊല്ലപ്പെട്ടെന്ന് കരുതി കായലിനടിയിലേക്ക് കെട്ടി താഴ്‌ത്തുന്നിടത്ത് തുടങ്ങുന്നു,​ ഏഴ് തവണ ദേശീയ അവാർഡ് നേടിയ ഷാജി എൻ. കരുണിന്റെ ഓൾ എന്ന സിനിമ. ഫാന്റസിയും യാഥാർത്ഥ്യവും ഒന്നിക്കുമ്പോഴുണ്ടാകുന്ന ദൃശ്യവിരുന്ന് കൂടിയാണ് ഈ സിനിമ.

മലബാറിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള സിനിമ മായ എന്ന പെൺകുട്ടിയുടേയും വാസു എന്ന പരാജിതനായ ചിത്രകാരന്റെയും ജീവിതമാണ് വരച്ചുകാട്ടുന്നത്. തന്റെ പതിവ് സിനിമാ സങ്കൽപങ്ങളിൽ നിന്ന് മാറി ഫാന്റസിയെ കൂട്ടുപിടിച്ചാണ് ഷാജി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫാന്റസിയും റിയാലിറ്റിയും രണ്ടാണെങ്കിൽ കൂടി അവ എങ്ങനെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് സിനിമ വിശദീകരിക്കുന്നുണ്ട്. വെള്ളത്തിന്റെ അടിത്തട്ടിൽ കഴിയുന്ന മായയ്ക്ക് പത്ത് പൂർണചന്ദ്ര സമയത്ത് ഭൂമിയിലെ കാഴ്ചകൾ കാണാൻ അനുവാദം കിട്ടുന്നു. അതായത് ഒരു ഗർഭകാലം പൂർത്തിയാക്കാനുള്ള സമയം. തന്റെ മനസിൽ കെട്ടിക്കിടക്കുന്ന സ്നേഹത്തെ പുറത്തുവിട്ടാൽ നിർവാണ പ്രാപിക്കാനാകുമെന്ന് അവൾക്ക് ബുദ്ധസന്യാസിയുടെ ഉപദേശം കിട്ടുന്നു.ആ ഉദ്യമത്തിനിടെയാണ് ജീവിതത്തിൽ പൂർണ പരാജിതനായ വാസുവിനെ അവൾ കാണുന്നത്. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ആകെത്തുക.

oolu

യാഥാർത്ഥ്യവും ഫാന്റസിയും സമാന്തരമാണെന്ന് സിനിമ വെളിവാക്കുന്നുണ്ട്. പ്രണയത്തെ കുറിച്ചുള്ള മായയുടെ ചിന്തകളല്ല വാസുവിന്റേത്. തികച്ചും സാധാരണക്കാരനായ വാസു മായയെ അഗാധമായി സ്നേഹിക്കുമ്പോഴും ഇന്ദ്രിയ സുഖങ്ങളിലും ആകൃഷ്ടനാകുന്നുണ്ട്. എന്നാൽ മായയോടുള്ള അവന്റെ പ്രണയം അതിതീവ്രമാണ്. പലപ്പോഴും അതവനെ അവളുടെ അടുക്കലെത്തിക്കുന്നുണ്ട്. അതേസമയം,​ മായയാകട്ടെ തീർത്തും ശുദ്ധമായ സ്നേഹത്തിനായി ദാഹിക്കുകയാണ്. മായയെ എപ്പോഴും ശാരീരികാവസ്ഥയിൽ കാണാനാണ് വാസു ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ അവരുടെ ആശയങ്ങൾ തമ്മിൽ പലപ്പോഴും നിശബ്ദമായി ഏറ്റുമുട്ടുന്നുണ്ട്. മായയും വാസുവും പ്രണയത്തിലാണെങ്കിലും അവർ ഒരിക്കൽ പോലും നേരിട്ടുകാണുന്നില്ല. ശബ്ദമെന്ന ഏക വികാരത്തിലൂടെ മാത്രമാണ് അവരുടെ പ്രണയം മുന്നോട്ട് പോകുന്നത്. പ്രശസ്ത നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണനാണ് സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

oolu

പൂർണമായ എന്റർടെയ്‌നർ എന്നതിനെക്കാളുമപ്പുറത്ത് മനുഷ്യസഹജമായ വികാരങ്ങളുടെ പരിപ്രേക്ഷ്യം കൂടിയാണ് ഈ സിനിമ. പുരാതന വിശ്വാസങ്ങളും ആചാരങ്ങളും കെട്ടുകഥകളുമൊക്കെ സിനിമയിൽ വന്നുപോകുന്നുണ്ട്. എന്നാലവയ്ക്ക് സിനിമാറ്റിക്കായ രൂപം കൈവരുമ്പോൾ അവാച്യമായ അനുഭവമായി അത് മാറുകയാണ്. ദൃശ്യമനോഹാരിതയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. കായലിന്റെ ഒഴുക്കിൽ തുടങ്ങുന്ന ദൃശ്യങ്ങളുടെ മനോഹാരിതയെ അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അതിസൂക്ഷ്‌മമായാണ് ഒപ്പിയെടുത്തിരിക്കുന്നത്. വാസുവായെത്തുന്ന ഷെയ്ൻ നിഗം കഥാപാത്രമവുമായി ഇഴുകിച്ചേരുന്നുണ്ട്. മാനറിസങ്ങളിലേക്ക് ഇറങ്ങി കഥാപാത്രത്തിനെ ഉൾക്കൊള്ളാൻ ഷെയിനിന് കഴിഞ്ഞിട്ടുണ്ട്. മായയുടെ വേഷത്തിലെത്തുന്ന എസ്തറും മികച്ചുനിൽക്കുന്നു. പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മറ്റൊരു കഥാപാത്രം വാസുവിന്റെ മാനസികാസ്വാസ്ഥ്യമുള്ള സഹോദരിയെ അവതരിപ്പിക്കുന്ന കനി കുസൃതിയാണ്. ഇന്ദ്രൻസ്, പി.ശ്രീകുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

വാൽക്കഷണം: കഥയാണ് വിശ്വസിക്കണം

റേറ്റിംഗ്: 3