കിളിമാനൂർ: വ്യാജ എലിപ്പനി പ്രചാരണത്തിൽ നിലച്ചുപോയ നീന്തൽ പരിശീലനം ഒടുവിൽ പുത്തൻ പദ്ധതികളുമായി വീണ്ടും ആരംഭിക്കുന്നു. കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് ടൗണിനോട് ചേർന്നുള്ള വെണ്ണിച്ചിറ കുളത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ ഷാർക്ക് അക്വാട്ടിക്ക് ക്ലബ് രൂപീകരിച്ച നീന്തൽ പരിശീലന കേന്ദ്രമാണ് വ്യാജ പ്രചാരണത്തിൽ കുടുങ്ങിയിരുന്നത്.
ഒട്ടേറെ കുട്ടികൾക്ക് സംസ്ഥാന തലത്തിൽ പോലും സമ്മാനങ്ങൾ നേടുന്ന തലത്തിലേക്ക് പരിശീലന കേന്ദ്രം വളർന്നതോടെയാണ് ചിലർ കുത്തി തിരുപ്പുമായി രംഗത്ത് എത്തിയത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ നാട്ടിൽ പകർച്ചപ്പനി വ്യാപകമായതിനിടയിൽ ഇവിടെ പരിശീലനം നടത്തിയ ചില കുട്ടികൾക്കും പനി ബാധിച്ചിരുന്നു. കുട്ടികൾക്ക് എലിപ്പനിയാണന്ന് കുപ്രചരണം നടത്തിയ ഇക്കൂട്ടർ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ വ്യാജ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നീന്തൽ പരിശീലന കേന്ദ്രത്തെ അടച്ചു പൂട്ടിക്കുകയായിരുന്നു. എന്നാൽ കുളത്തിലെ വെള്ളത്തിന്റെ സാമ്പിൾ പബ്ലിക്ക് ഹെൽത്ത് ലാബോറട്ടറിയിൽ പരിശോധിച്ചപ്പോൾ എലിപ്പനി വയറസ് കണ്ടില്ല. ഇക്കാര്യം ചൂണ്ടി കാട്ടി ഇക്കഴിഞ്ഞ ജൂലൈ 26 ന് വ്യാജ എലിപ്പനിയിൽ മുങ്ങിയ നീന്തൽ പരിശീലനം എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്തും ഹെൽത്ത് അധികൃതരും രംഗത്ത് എത്തുകയും വീണ്ടും പരിശീലന കേന്ദ്രം പുനർ ആരംഭിക്കുവാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ കുളത്തിലെ ജലം നീന്തൽ പരിശീലനത്തിന് ഉപയോഗിച്ചാൽ കൃഷി ആവശ്യങ്ങൾക്ക് തികയില്ല എന്ന മുടന്തൻ ഞായവുമായി സ്ഥാപിത താല്പര്യക്കാർ വീണ്ടും രംഗത്ത് എത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളിയുടെ ഇടപെടലുകളെ തുടർന്ന് നീന്തൽ പരിശീലന കേന്ദ്രം ദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ നിന്നും രണ്ടര കോടി രൂപ അനുവദിച്ചു.