arrest

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്ര് പരിശോധനയ്ക്കിടെ മദ്യലഹരിയിൽ ചീഫ് ടിക്കറ്റ് എക്സാമിനറായ കസ്റ്റമർ റിലേഷൻസ് ഓഫീസറെ അടിച്ചുവീഴ്ത്തി രക്ഷപ്പെട്ട ഫോറസ്റ്റ് ജീവനക്കാരനെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു.

നെയ്യാർ ഡാം ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിൽ ഫോറസ്റ്റ് ഓഫീസറായ തിരുവനന്തപുരം സ്വദേശി പ്രശോകാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രശോകിനെ റിമാൻഡ് ചെയ്തു. ഇയാളുടെ അടിയേറ്റ ചീഫ് ടിക്കറ്റ് എക്സാമിനർ ശ്രീകുമാർ റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി.

പിടികൂടിയ പൊലീസുകാരെ അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത പ്രശോക് തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിലും ബഹളം വച്ചു. ഇയാൾ സ്റ്റേഷനിലെ വയർലസ് സെറ്റ് കൈക്കലാക്കി സ്വയം തലയ്ക്കടിച്ച് പരിക്കേല്പിച്ചു. തലയ്ക്ക് പരിക്കേറ്റ പ്രശോകിനെ പൊലീസ് ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെയും ബഹളം കൂട്ടി. തലയിലെ മുറിവ് വച്ചുകെട്ടി വൈദ്യപരിശോധനാ നടപടികൾ പൂർത്തീകരിച്ചശേഷം പുലർച്ചെ ഇയാളെ തിരികെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

വ്യാഴാഴ്ച രാത്രി 9 മണിയോടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. നെയ്യാർഡാമിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് കൊല്ലത്തെ ഭാര്യവീട്ടിലേക്ക് പോകാനെത്തിയ പ്രശോക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് എക്സാമിനർ ശ്രീകുമാറിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. നെയ്യാർഡാമിലെ സഹപ്രവർത്തകർക്കൊപ്പം മദ്യസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു പ്രശോകെന്ന് പൊലീസ് പറഞ്ഞു. ശ്രീകുമാറിനെ അടിച്ചുവീഴ്ത്തിയശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രശോകിന്റെ പഴ്സും മൊബൈലും നിലത്ത് വീണു. ഇത് ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. പിന്നാലെ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് ബൈക്കിൽ രക്ഷപ്പെട്ട ഇയാളുടെ വാഹന നമ്പരും പൊലീസ് തിരിച്ചറിഞ്ഞു. തുട‌ർന്ന് റെയിൽവേ പൊലീസാണ് ഇയാളെ പിന്തുടർന്ന് പിടികൂടിയത്. ടിക്കറ്റ് പരിശോധകനെ അടിച്ചുവീഴ്ത്തിയതിനും പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തതായി റെയിൽവേ പൊലീസ് അറിയിച്ചു.