തിരുവനന്തപുരം: ഫോണിലൂടെ നിരന്തരം അശ്ലീലം പറയുന്ന വിരുതൻ കാരണം സഹികെട്ടിരിക്കുകയാണ് നഗരത്തിലെ പൊലീസ്. വനിതാ പൊലീസ് സ്റ്റേഷനിൽ വിളിച്ച് 'കൊച്ചു' വർത്തമാനം പറയുന്ന ഇയാൾ പുരുഷന്മാരാണെങ്കിൽ 'വലിയ' വർത്തമാനത്തിലേക്ക് കടക്കും. ഇത് പതിവായതോടെ വനിതാ സ്റ്റേഷനിൽ ഫോൺ റിസീവർ സദാസമയവും മാറ്റി വയ്ക്കേണ്ട ഗതികേടിലാണ്.
അതിനാൽ, എന്തെങ്കിലും ആവശ്യത്തിന് വനിതാ സ്റ്റേഷനിലേക്ക് വിളിക്കുന്നവർക്കും ലൈൻ കിട്ടാറില്ല.
തെറി പറയുന്ന യുവാവിനെതിരെ നിരവധി തവണ കേസ് എടുത്തെങ്കിലും കലാപരിപാടി തുടരുകയാണ്. മ്യൂസിയം സ്റ്റേഷനിൽ വിളിച്ച് സ്റ്റേഷൻ ഹൗസ് ഓഫിസറെ പച്ചത്തെറിയഭിഷേകം നടത്തിയതിന് ഇയാളെ പിടികൂടുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ജയിൽ നിന്ന് ഇറങ്ങിയതിനുശേഷം പുതിയ തരം തെറികൾ കേൾക്കുന്നു എന്നത് ഒഴിച്ചാൽ പ്രത്യേകിച്ച് ഗുണമെന്നുമില്ലെന്നാണ് ഉദ്യോഗസ്ഥർ അടക്കം പറയുന്നത്.
മൂന്നു നേരവും 'മുന്തിയ' പദപ്രയോഗങ്ങൾ അടങ്ങിയ കോളുകൾ എത്തും. രാവിലെയോടെ തുടങ്ങുന്ന തെറിപ്രയോഗം രാത്രിയോടെ അവസാനിക്കുന്ന തരത്തിലാണ് ഈ യുവാവിന്റെ ശല്യം. ജനമൈത്രി ആയതിൽ പിന്നെ ഭാഷയ്ക്ക് കുറച്ചു ശുദ്ധി കൈവന്ന പൊലീസുകാരെയും നാണിപ്പിക്കുന്ന രീതിയിലാണ് അശ്ളീല വാക്കുകളുടെ പ്രയോഗം. പൊലീസ് സ്റ്റേഷൻ ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാകും ഇയാളുടെ പദപ്രയോഗം. ജില്ലയ്ക്ക് പുറത്തുനിന്നും ഇയാൾ വ്യത്യസ്ത നമ്പറുകളിൽ നിന്ന് തെറിവിളി തുടരുന്നതോടെ ഇയാളെ പൊക്കാനുറച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്.