തിരുവനന്തപുരം: ഇൻസ്പെക്ടർമാരെ സ്റ്റേഷൻ അധികാരികളാക്കി (എസ്.എച്ച്.ഒ) കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേർതിരിച്ച കേരള പൊലീസിന്റെ മാതൃക അതേപടി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിയോഗിച്ച ഡി.ജി.പിമാരുടെ സ്റ്റാൻഡിംഗ് കമ്മിറ്റി നിർദ്ദേശിച്ചു. 2006ൽ സുപ്രീംകോടതി ഉത്തരവിട്ടതാണെങ്കിലും കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ഇതുവരെ കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേർതിരിച്ചിട്ടില്ല. ഉത്തരവ് ഉടനടി നടപ്പാക്കാൻ നിർദ്ദേശിച്ച് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുകയാണ്. രണ്ട് സബ് ഇൻസ്പെക്ടർമാരെയും മേൽനോട്ടത്തിന് ഇൻസ്പെക്ടറെയും നിയോഗിച്ച് 464 പൊലീസ് സ്റ്റേഷനുകളിൽ ഫലപ്രദമായി നടപ്പാക്കിയ 'കേരള മോഡൽ' പരിഷ്‌കാരം പിന്തുടരാനാണ് സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ കേരളകൗമുദിയോട് പറഞ്ഞു.
പൊലീസ് നവീകരണത്തിനും കുറ്റാന്വേഷണം മെച്ചപ്പെടുത്താനും സി.ബി.ഐ മേധാവി ഋഷികുമാർ ശുക്ലയുടെ അദ്ധ്യക്ഷതയിൽ കേരളം, ഒഡിഷ, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, പഞ്ചാബ് പൊലീസ് മേധാവിമാരടങ്ങിയ സമിതിയെയാണ് പ്രധാനമന്ത്രി നിയോഗിച്ചിട്ടുള്ളത്. വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന സമിതിയോഗത്തിലാണ് 'കേരള മോഡൽ' ചർച്ചയായത്. ക്രമസമാധാനം, കുറ്റാന്വേഷണം എന്നിവ വേർതിരിക്കാനുള്ള പദ്ധതി വിജയിച്ചത് കേരളത്തിൽ മാത്രമാണെന്ന് യോഗം വിലയിരുത്തി. ഒന്നാമതായി പദ്ധതി നടപ്പാക്കാനൊരുങ്ങിയ തമിഴ്നാട്ടിലടക്കം മറ്റ് സംസ്ഥാനങ്ങളിലെല്ലാം പ്രാരംഭഘട്ടത്തിൽ തന്നെ പരാജയമായിരുന്നു. പ്രകാശ്സിംഗ് കേസിലെ സുപ്രീംകോടതി ഉത്തരവിന്റെയും പൊലീസ് പരിഷ്കരണത്തിന് നിയോഗിച്ച ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷൻ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് കേരളത്തിൽ കുറ്റാന്വേഷണവും നിയമപരിപാലനവും വേർതിരിച്ചത്. നേരത്തേ സ്റ്റേഷൻഅധികാരിയായിരുന്ന പ്രിൻസിപ്പൽ എസ്.ഐക്ക് ക്രമസമാധാനപാലനത്തിന്റെയും അഡി. എസ്.ഐക്ക് കുറ്റാന്വേഷണത്തിന്റെയും ചുമതല നൽകി. ഈ പരിഷ്കാരം കുറച്ചു മാസങ്ങൾ കൊണ്ട് ഫലംകണ്ടുതുടങ്ങി. കുറ്റാന്വേഷണവും ക്രമസമാധാനപാലനവും മെച്ചപ്പെട്ടു, മേൽനോട്ടം ഫലപ്രദമായി. പാസ്‌പോർട്ട് അടക്കമുള്ള എല്ലാത്തരം വെരിഫിക്കേഷനുകളും വേഗത്തിലായി. സ്റ്റേഷനുകളുടെ കാര്യക്ഷമതയും മെച്ചപ്പെട്ടു.
''ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരാക്കി ക്രമസമാധാനവും കുറ്റാന്വേഷണവും വേർതിരിച്ചത് പൊലീസിന് പുതിയമുഖം നൽകി. ഇത് വിജയിച്ചത് കേരളത്തിൽ മാത്രമാണ്. കേരളമോഡൽ പരിഷ്‌കാരം പ്രധാനമന്ത്രിക്കു മുന്നിൽ അവതരിപ്പിക്കും.''
ലോക്നാഥ് ബെഹ്റ
പൊലീസ് മേധാവി
357
സ്റ്റേഷനുകളിൽ രണ്ടോ അതിലധികമോ എസ്.ഐമാരുണ്ട്.