തിരുവനന്തപുരത്ത് രണ്ടുദിവസം മുൻപ് ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ നേതൃത്വത്തിൽ നടന്ന എം.പിമാരുടെ യോഗം പ്രതീക്ഷിച്ചതുപോലെ സംസ്ഥാനത്തിന് പുതുതായി ഒരുനേട്ടവും കൊണ്ടുവന്നില്ല. കേരള എം.പിമാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നുപോലും അംഗീകരിച്ചതുമില്ല. ദക്ഷിണ റെയിൽവേയുടെ മേധാവിയാണ് സമ്മേളനം വിളിച്ചുകൂട്ടിയതെന്നതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള ഏതാനും എം.പിമാരും സംബന്ധിച്ചിരുന്നു. അവർ യോഗത്തിൽ ഉന്നയിച്ച ആവശ്യമാകട്ടെ, സംസ്ഥാനത്തിന് കൂടുതൽ ക്ഷീണമുണ്ടാക്കുന്നതുമാണ്. തിരുവനന്തപുരം ഡിവിഷൻ വിഭജിച്ച് നേമം-തിരുനെൽവേലി പാത മധുര ഡിവിഷന് കൈമാറണമെന്ന പഴയ ആവശ്യവുമായാണ് തമിഴ്നാട് എം.പിമാർ എത്തിയത്. ഇതിന് പകരമായി വരുമാനവും സൗകര്യവും ഏറെക്കുറഞ്ഞ മധുര ഡിവിഷനിലെ കൊല്ലം-പുനലൂർ പാത തിരുവനന്തപുരം ഡിവിഷന് കൈമാറാമെന്ന നിർദ്ദേശവും കൂട്ടത്തിലുണ്ട്. കേരള എം.പിമാർ ഇൗ ആവശ്യം ശക്തമായി തള്ളിക്കളഞ്ഞെങ്കിലും സ്വാധീനവും ആൾബലവും ഏറെയുള്ള തമിഴ്നാടിന് അനുകൂലമായി റെയിൽവേ തീരുമാനമെടുക്കുമോ എന്ന ആശങ്ക ഇല്ലാതില്ല. എപ്പോഴും കാര്യങ്ങൾ കേരളത്തിന് എതിരായിട്ടാണല്ലോ ഉണ്ടാവുക.
സംസ്ഥാനത്തെ നാല് പ്രധാന സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിൽ പരിഷ്കരിക്കുമെന്ന് ഇത്തവണയും പറഞ്ഞുകേട്ടു. എട്ടുപത്തു കൊല്ലമായി കേൾക്കുന്ന ചപ്പടാച്ചിയാണിത്. ലോകനിലവാരത്തോളം പോയില്ലെങ്കിലും യാത്രക്കാർക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങളെങ്കിലും ഏർപ്പെടുത്തിയാൽ മതിയായിരുന്നു. സാധാരണ ട്രെയിൻ യാത്രക്കാർ അതിനപ്പുറമുള്ള മോഹിപ്പിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. ലോക നിലവാരത്തിലേക്ക് ഇതിനകം ഉയർത്തിയെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരം സെൻട്രലിലെ പരിമിതികൾ ദിവസവും അനുഭവിക്കേണ്ടിവരുന്ന യാത്രക്കാരോട് ലോകനിലവാരത്തിന്റെ മഹത്വം പറയാതിരിക്കുകയാകും ഭംഗി.
ഡിവിഷണൽ ജനറൽ മാനേജർ എം.പിമാരുടെ യോഗം വിളിച്ച് ആവശ്യങ്ങൾ കേട്ടെങ്കിലും പ്രധാന പ്രശ്നങ്ങളിലെല്ലാം കൈമലർത്തുകയായിരുന്നു. പുതിയ ട്രെയിനുകൾ , അധിക സ്റ്റോപ്പുകൾ, പുതിയ പാതകൾ, സർവീസ് ദീർഘിപ്പിക്കൽ തുടങ്ങി നിരവധി ആവശ്യങ്ങളാണ് യോഗത്തിൽ ഉയർന്നത്. എന്നാൽ ഒന്നിൽപ്പോലും അനുകൂല തീരുമാനമുണ്ടായില്ല. എറണാകുളത്തും ആലപ്പുഴയിലും ഇപ്പോൾ യാത്ര അവസാനിപ്പിക്കുന്ന ഏതാനും ട്രെയിനുകളെങ്കിലും കൊല്ലത്തേക്ക് നീട്ടണമെന്ന ആവശ്യം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിരാകരിക്കപ്പെടുകയാണുണ്ടായത്. അതുപോലെ യാതൊരു സൗകര്യവുമില്ലാത്ത കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിൽ പ്രധാനപ്പെട്ടവ തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. സ്റ്റേഷനിലെ സൗകര്യക്കുറവാണ് കാരണമായി പറയുന്നത്. എന്നാൽ എത്രയോ വർഷത്തെ പഴക്കമുള്ള ഇൗ ആവശ്യം നിവർത്തിക്കാൻ തക്കവിധം വികസന പദ്ധതി എന്തുകൊണ്ട് റെയിൽവേ ഏറ്റെടുക്കുന്നില്ല? നേമം സ്റ്റേഷൻ വികസിപ്പിച്ചാൽ അനായാസം പരിഹരിക്കാനാവുന്ന പ്രശ്നമാണിത്. നേമം ടെർമിനൽ സ്റ്റേഷനായി വികസിപ്പിക്കുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ അനവധിയായി. ഇതിനായി തുക വകയിരുത്തിയതായും കേട്ടിരുന്നു. പണി ഇനിയും ആരംഭിച്ചിട്ടില്ലെന്നുമാത്രം. തലസ്ഥാനത്തേക്ക് രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ കൊച്ചുവേളിയിലിറങ്ങി ദുരിതങ്ങൾ താണ്ടിവേണം ലക്ഷ്യസ്ഥാനത്തെത്താൻ. വാഹന സൗകര്യങ്ങൾ പോലുമില്ലാത്ത കൊച്ചുവേളി സ്റ്റേഷന്റെ വികസനം നടക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി.
മറ്റ് അനവധി അസൗകര്യങ്ങൾക്കൊപ്പം ട്രെയിനുകളുടെ വൈകി ഒാട്ടം യാത്രക്കാരെ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. പാത നവീകരണത്തിന്റെയും അറ്റകുറ്റപ്പണികളുടെയും പേരിൽ പല ദിവസങ്ങളിലും ട്രെയിനുകൾ വൈകുന്നു. പാസഞ്ചർ വണ്ടികൾ റദ്ദാക്കപ്പെടുന്നത് ഏതാണ്ട് പതിവായിക്കഴിഞ്ഞു. കൃത്യസമയക്രമം പാലിച്ചിരുന്ന ട്രെയിനുകൾ പോലും താളംതെറ്റിയാണ് വരുന്നതും പോകുന്നതും. സംസ്ഥാനത്തിന് പുറത്ത് ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അതുപോലെ അന്യസംസ്ഥാനങ്ങളിൽനിന്ന് അതിലേറെപേർ വിവിധ ജില്ലകളിൽ പണിക്കായി എത്തുന്നു. ഇവർക്കുവേണ്ട യാത്രാസൗകര്യം ഒരുക്കാൻ റെയിൽവേക്ക് കഴിയുന്നില്ല.
റെയിൽവേയുമായി ബന്ധപ്പെട്ടായിരുന്നു യോഗമെങ്കിലും മന്ത്രിമാരാരും എത്തിയില്ലെന്നതിൽ നിന്നുതന്നെ സംസ്ഥാനത്തിന്റെ താത്പര്യം ഇൗ വിഷയത്തിൽ എത്രത്തോളമാണെന്ന് മനസിലാക്കാം. റെയിൽവേ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയെക്കുറിച്ച് സദാ പരാതി പറയുമ്പോഴും വേണ്ട സമയത്ത് ഉറക്കെ ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിയാത്തത് വലിയ പോരായ്മ തന്നെയാണ്. ബഡ്ജറ്റ് അവതരണത്തിന് മുൻപ് ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന മെമ്മോറാണ്ടം സമർപ്പിച്ചതു കൊണ്ടുമാത്രം കേരളത്തിൽ റെയിൽവേ വികസനമുണ്ടാകാൻ പോകുന്നില്ല. ലഭ്യമായ സന്ദർഭങ്ങളിലെല്ലാം മുടങ്ങാതെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കണം. റെയിൽവേ മന്ത്രാലയവുമായും റെയിൽവേ ബോർഡുമായും നിരന്തര സമ്പർക്കമുണ്ടാകണം. പ്രയോജനകരമായ എന്തെങ്കിലും നടക്കണമെങ്കിൽ ഇതൊക്കെ കൂടിയേ തീരൂ.