തിരുവനന്തപുരം:അഴിമതിക്കെതിരായ മുഖ്യമന്ത്റി പിണറായി വിജയന്റെ പാലായിലെ ഗിരിപ്രഭാഷണം ഇക്കാലത്തെ ഏറ്റവും വലിയ തമാശയാണെന്ന് വി.എം.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.
സർവ്വവിധ മാഫിയാഗ്രൂപ്പുകളുടെയും സംരക്ഷണം ഏറ്റെടുത്ത് അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്ത ,കേരളം കണ്ട ഏറ്റവും വലിയ അഴിമതി പരമ്പരയുടെ നടത്തിപ്പുകാരനായ മുഖ്യമന്ത്റിയുടെ പ്രഖ്യാപനത്തിന് യാതൊരു വിശ്വാസ്യതയുമില്ല. എസ് .എൻ .സി ലാവ്ലിൻ കേസിൽ നിയമനടപടി നേരിടുന്ന പിണറായി ഇതൊക്കെ പറയുന്നതാണ് ഏറ്റവും കൗതുകകരം.
മദ്യ,ക്വാറി,കരിമണൽ ,മണൽ ഭൂമാഫിയകളുടെ വക്താക്കളും സംരക്ഷകരുമായി അവർക്ക് എന്തും ചെയ്തു കൊടുക്കുന്ന ദുർഭരണ സംവിധാനത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്റിയുടെ 'അഴിമതിവിരുദ്ധ' പ്രസംഗത്തെ പരിഹാസത്തോടെയാണ് ജനങ്ങൾ കാണുന്നത്.
അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്ന സർക്കാർ ശരിയായ ദിശയിൽ കാര്യങ്ങൾ അന്വേഷിച്ചാൽ 'സർക്കാർ ഭക്ഷണം' കഴിക്കേണ്ടി വരുന്നവരുടെ മുൻ നിരയിലാണ് പിണറായിയുടെ സ്ഥാനം.തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം അഴിമതിക്കെതിരെ പ്രഭാഷണം നടത്തുകയും മറ്റെല്ലാ കാലത്തും അഴിമതിക്ക് കളമൊരുക്കുകയും ചെയ്യുന്ന പിണറായിക്കും കൂട്ടർക്കും അഴിമതിയെക്കുറിച്ച് പറയാനുള്ള അർഹതയില്ലെന്നും സുധീരൻ ചൂണ്ടിക്കാട്ടി.