minu

 കേരളത്തിൽ നിന്ന്‌ ആദിവാസി പെൺകുട്ടി ദേശീയ ക്രിക്കറ്റ് ടീമിലേക്ക്

തിരുവനന്തപുരം: നാട്ടുകാരുടെ കളിയാക്കലും വീട്ടുകാരുടെ ശകാരവും മിന്നുമണിയുടെ നിശ്ചയദാർഢ്യത്തെ ക്ലീൻബൗൾഡാക്കിയില്ല.

ഇന്ത്യൻ ടീമിൽ കളിക്കുകയെന്ന മോഹവുമായി ഓലമടലിൽ വെട്ടിയെടുത്ത ബാറ്റുമായി പാടത്തെ പിച്ചിൽ ചേട്ടായിമാരെ സിക്സടിച്ച് ക്രിക്കറ്റിൽ പിച്ചവച്ച മിന്നുമണി ഇതാ 21ാം വയസിൽ സ്വപ്നസാക്ഷാത്കാരത്തിന്റെ ക്രീസിൽ എത്തിയിരിക്കുന്നു. കേരളത്തിൽ നിന്ന് ദേശീയ ടീമിലെത്തുന്ന ആദ്യ ആദിവാസി പെൺകുട്ടിയെന്ന തിളക്കത്തോടെ.

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനൊപ്പം ബംഗളൂരൂവിലെ ചിന്നസ്വാമി സ്റ്രേഡിയത്തിൽ പരിശീലനത്തിലാണ് വയനാട് മീനങ്ങാടി ചോയ്‌മൂല സ്വദേശിയായ മിന്നുമണി. ഒക്ടോബർ 4 മുതൽ 16 വരെ ബംഗ്ലാദേശിൽ നടക്കുന്ന എമർജിംഗ് ഏഷ്യാ കപ്പിനും 20 മുതൽ ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാകപ്പിനും ഇന്ത്യ എ ടീമിൽ മിന്നുമണിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

മിന്നും ആൾറൗണ്ടർ

ലെഫ്റ്റ് ഹാൻഡ് ബാറ്റിംഗും, റൈറ്റ് ഹാൻഡ് ബൗളിംഗമാണ് മിന്നുവിന്റെ പ്രത്യേകത. ടോപ് ഓർഡറിൽ ബാറ്റിംഗിനിറങ്ങുന്ന മിന്നു മികച്ച ഓഫ് സ്പിന്നറാണ്. കേരളത്തിനു വേണ്ടി തുടർച്ചയായി കാഴ്‌ചവച്ച മികച്ച പ്രകടനമാണ് ദേശീയ ടീമിൽ എത്തിച്ചത്. ദക്ഷിണാമേഖലാ ടീമിലും ഇന്ത്യ റെഡ്, ബ്ലൂ ടീമുകൾക്കായും മികച്ച പ്രകടനമായിരുന്നു. കെ.സി.എയുടെ വുമൺ ക്രിക്കറ്റർ ഒഫ് ദി ഇയർ, ജൂനിയർ പ്ലെയർ ഒഫ് ദ ഇയർ, യൂത്ത് പ്ലെയർ ഒഫ് ദ ഇയർ അവാർഡുകൾ നേടിയിട്ടുണ്ട്. ബോർഡ് പ്രസിഡന്റ്സ് ഇലവനൊപ്പം ഇംഗ്ലണ്ടിനെതിരെ സന്നാഹ മത്സരത്തിലും കളിച്ചു.

വെല്ലുവിളികളെ ബൗണ്ടറി കടത്തി

ദാരിദ്ര്യത്തെയും സാമൂഹിക വിലക്കുകളെയും സിക്സർ പറത്തിയാണ് മിന്നുമണി മിന്നും നേട്ടത്തിലെത്തിയത്.

കുറിച്യ വിഭാഗത്തിൽ നിന്നുള്ള മിന്നുവിനെ ആൺകുട്ടികളുമായി അധികം സംസാരിക്കാൻ പോലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ക്രിക്കറ്റ് തലയ്ക്ക് പിടിച്ചതിനാൽ അത്തരം വിലക്കുകളൊന്നും കാര്യമാക്കിയില്ല. കൂലിപ്പണിക്കാരായ അച്‌ഛനും അമ്മയും വഴക്കുപറയുകയും തല്ലുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നും മിന്നു ചിരിയോടെ പറയുന്നു.

സ്‌കൂളിൽ പഠിക്കുമ്പോൾ പെൺകുട്ടികളുടെ ടീമില്ലാത്തതിനാൽ ആൺകുട്ടികളോടൊപ്പമാണ് ക്രിക്കറ്റ് കളിച്ചത്. മാനന്തവാടി ജി.വി.എച്ച്.എസ്.എസിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ പി.ടി.എ അദ്ധ്യാപിക എൽസമ്മയാണ് വനിതാ ക്രിക്കറ്റിലേക്ക് വഴിതുറന്നതും ജില്ലാ ടീമിലേക്ക് എത്തിച്ചതും. പിന്നീട് തൊടുപുഴ ക്രിക്കറ്റ് അക്കാഡമിയിൽ എത്തി. പ്ളസ്ടു സുൽത്താൻ ബത്തേരിയിലിലും, ഡിഗ്രി പഠനം തിരുവനന്തപുരം വിമൻസ് കോളേജിലുമായിരുന്നു. ഇവിടെയെല്ലാം ക്രിക്കറ്റ് അക്കാഡമിയുള്ളത് സഹായകമായി.

ക്വിന്റെൺ ഡി കോക്കും സ്‌മൃതി മന്ദാനയുമാണ് മിന്നുവിന്റ റോൾ മോഡലുകൾ. ബി.എ ഇക്കണോമിക്സിൽ മുഴുവൻ പേപ്പറുകളും എഴുതിക്കഴിഞ്ഞില്ളെങ്കിലും ക്രിക്കറ്റ് വിട്ടൊരു കളിയില്ലെന്നാണ് മിന്നു പറയുന്നത് . അച്ഛൻ മണിയും അമ്മ വസന്തയും മകളുടെ നേട്ടത്തിൽ സന്തോഷത്തിലാണിപ്പോൾ. ഒൻപതാം ക്ളാസുകാരിയായ മിമിതയാണ് സഹോദരി.