-local-new

തിരുവനന്തപുരം : നഗരവാസികളുടെ സ്വൈര്യജീവിതത്തെ വെല്ലുവിളിച്ച് തെരുവ്നായ്ക്കൾ പെരുകുന്നു. രാത്രിയും പകലുമില്ലാതെ വാഹനങ്ങൾക്ക് മുന്നിലേക്ക് നായകൾ ചാടിവീഴുന്നതിനാൽ അപകടങ്ങളും വർദ്ധിക്കുകയാണ്. ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നതിലേറയും. രാത്രിസമയങ്ങളിൽ വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടുന്ന നായ്ക്കൾ ഇരുചക്രയാത്രക്കാർക്ക് വലിയ ഭീഷണിയാണ്. തെരുവ്നായ്ക്കളെ നിയന്ത്രിക്കാനുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിപ്രകാരം വന്ധ്യംകരണം നടക്കുന്നുണ്ടെങ്കിലും ഇവയുടെ എണ്ണം കുറയ്ക്കാൻ സാധിച്ചിട്ടില്ല. പ്രതിമാസം 200 നായ്ക്കളെ വന്ധ്യംകരിക്കുന്നുവെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. നഗരസഭയ്ക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല. എന്നാൽ വന്ധ്യംകരണത്തിനായി സ്ഥിരമായി ഒരു സംവിധാനമില്ലാത്തതാണ് പ്രധാന പ്രതിസന്ധി. നിലവിൽ പേട്ടയിലും തിരുവല്ലത്തും മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് വന്ധ്യംകരണം നടക്കുന്നത്. രണ്ടിടത്തും താത്കാലിക സംവിധാനമാണുള്ളതെന്നതിനാൽ പരിമിതികളുമേറെയാണ്. പേട്ടയിൽ നിലവിലുണ്ടായിരുന്ന ആശുപത്രി പൊളിച്ച് അത്യാധുനിക സംവിധാനമുള്ള ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ പണിയാൻ തീരുമാനിച്ചെങ്കിലും പലവിധ എതിർപ്പുകൾ കാരണം പദ്ധതി പാതിവഴിയിലാണ്. കെട്ടിടം പൊളിച്ചതിന് പിന്നാലെയാണ് നാട്ടുകാർ എതിർപ്പുന്നയിച്ചത്. ഇതോടെ കുടുംബശ്രീയുടെ മൊബൈൽ സർജറി യൂണിറ്റ് ആശുപത്രിവളപ്പിലെത്തിച്ചാണ് ഓപ്പറേഷൻ നടത്തുന്നത്. തിരുവല്ലത്തെ മൃഗാശുപത്രിയിലും വന്ധ്യംകരണത്തിന് പ്രത്യേക സംവിധാനമില്ല. ജനകീയ പ്രതിഷേധം കാരണമാണ് സ്ഥിരം സംവിധാനം ഒരുക്കാൻ കഴിയാത്തതെന്നാണ് അധികൃതരുടെ വാദം. എന്നാൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് തുടർപ്രവർത്തനം നടത്താൻ ബന്ധപ്പെട്ടവർ ശ്രമിച്ചിട്ടുമില്ല. വളർത്തുനായ്ക്കളെ പിന്നീട് തെരുവിൽ ഉപേക്ഷിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിൽ വളർത്തുനായ്ക്കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയെങ്കിലും 7000ത്തോളം ഉടമസ്ഥർ മാത്രമാണ് രജിസ്റ്റർ ചെയ്തത്.