vaccancy-for-doctors

നെയ്യാറ്റിൻകര: ഡ്യൂട്ടി ഡോക്ടർ വഴക്ക് പറഞ്ഞതിനെ തുടർന്ന് കുഴഞ്ഞുവീണ നഴ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൻമേൽ ആരോഗ്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. ഓലത്താന്നി പ്രൈമറി ഹെൽത്ത് സെന്ററിലായിരുന്നു സംഭവം. കഴിഞ്ഞ ബുധനാഴ്ച നഴ്സ് ആശയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ ലിനിയാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

നഴ്സസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റായ ആശ ഡി.എം.ഒക്കും പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹെൽത്ത് സെന്ററിന്റെ മുന്നിൽ കഴിഞ്ഞ ദിവസം പ്രതിഷേധയോഗം ചേർന്നു.

ഡോക്ടറെ കൈയേറ്റം ചെയ്തുവെന്ന പരാതിയും കെ.ജി.എം.ഒ യുടെ പരിഗണനയിലാണ്. നഴ്സിുന്റെയും ഡോക്ടറുടെയും പരാതി സ്വീകരിച്ച് നെയ്യാറ്റിൻകര പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് പറയുന്നത് ഇങ്ങനെ: അഞ്ച് ദിവസം മുൻപാണ് സംഭവങ്ങളുടെ തുടക്കം. നഴ്സ് ആശ രേഖാമൂലമല്ലാതെ ലീവെടുത്തു. രണ്ട് ദിവസം കഴിഞ്ഞ് ഹെൽത്ത് സെന്ററിലെത്തിയപ്പോൾ, ഹാജർ ബുക്കിൽ ലീവാവശ്യപ്പെട്ട ദിവസങ്ങളിൽ ഹാജരായില്ലെന്ന് ചുവപ്പ് മഷിയിൽ രേഖപ്പെടുത്തിയതുകണ്ട് ഡോക്ടറോട് കയർത്ത് സംസാരിച്ചു. പിറ്റേന്ന് ഡ്യൂട്ടിക്കെത്തിയ നഴ്സിനോട് രോഗിയുടെ ബി.പി പരിശോധിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. അതെന്റെ ജോലി അല്ലെന്നായി നഴ്സ്. ഇതിന്റെ പേരിൽ ഡോക്ടറുമായി തർക്കത്തിലായി. ഡോക്ടറുടെ ശാസന കേട്ട് ആശ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ആശയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇതിനിടെ, വിവരം അറിഞ്ഞെത്തിയ നഴ്സസ് അസോസിയേഷൻ പ്രവർത്തകർ ഹെൽത്ത് സെന്ററിൽ കയറി ഡോ. ലിനിയെ ആക്രമിച്ചെന്നും പരാതിയുണ്ട്.