aquists

കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ 1992-ൽ നടന്ന മോഷണക്കേസിൽ ശിക്ഷ ലഭിച്ച 22 പ്രതികൾക്കും ജാമ്യം. ഇവരുടെ പ്രായവും ശാരീരിക അസ്വാസ്ഥ്യതകളും കണക്കിലെടുത്താണിത്. കേസിൽ 34 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 11 പേർ ഇതിനോടകം മരിച്ചു. ബാക്കിയുള്ള 23 പ്രതികളിൽ ജനാർദ്ദനൻ പോറ്റി ജീവജ്യോതി കൊലക്കേസിൽ ശിക്ഷ ലഭിച്ച ചെന്നൈ പുഴൽ ജയിലിൽ കഴിയുകയാണ്. ബാക്കിയുള്ള 22 പേരും ഇന്നലെ കോടതി വിധി കേൾക്കാനായി എത്തിയിരുന്നു. ഇതിൽ അയ്യപ്പൻ (70), ഗോപാലകൃഷ്ണൻ (68), ഗോപിനാഥൻ നായർ (69), അപ്പുക്കുട്ടൻ (67), കൃഷ്ണാമ്പാൾ (70), മുത്തുകുമാർ (65), കുമാർ (68), മുത്തുനായകം (66), സുബ്രഹ്മണ്യയാർ (68), മഹാരാജപിള്ള (71), ഗോപാലകൃഷ്ണൻ (70), ശങ്കരകുറ്റാലം (69), വേലപ്പൻ നായർ (68), എന്നിവർക്ക് ആറുവർഷം ശിക്ഷയും സുരേന്ദ്രൻ (60), കേശവരാജു (68),അയ്യപ്പൻ ആശാരി (64), ആറുമുഖൻആശാരി (59), ജനാർദ്ദനൻപോറ്റി (67), അപ്പാവു (62), മണികണ്ഠൻ നായർ (62), ലക്ഷ്മണൻ (65), മുത്തുകൃഷ്ണൻ ആശാരി (67) എന്നിവർക്ക് മൂന്നുവർഷം ശിക്ഷയും കൂടാതെ 10000 മുതൽ 3.79 ലക്ഷം രൂപ വരെ പിഴയും നാഗർകോവിൽ കോടതി വിധിച്ചു. ഇത് വൈകി വന്ന നീതിയാണെന്നും ഇതിലും കടുത്ത ശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും സർക്കാർ അഭിഭാഷകനായ യാസീൻ മുബാറക്ക് അലി പറഞ്ഞു.

കേസ് ഇങ്ങനെ

ആദികേശവ പെരുമാളിനെ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളിൽ കുറവുണ്ടെന്നും രാത്രിസമയങ്ങളിൽ അപരിചിതരായ ആളുകൾ ക്ഷേത്രത്തിൽ ചുറ്റിക്കറങ്ങുന്നുവെന്നും ആരോപിച്ച് ഭക്തർ നിരവധി സമരങ്ങൾ നടത്തിയിരുന്നു. അന്നത്തെ തിരുവട്ടാർ എം.എൽ.എ ഹേമചന്ദ്രൻ ഇക്കാര്യം നിയമസഭയിൽ അവതരിപ്പിക്കുകയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിത വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. തുടർന്ന് തിരുനെൽവേലി മണ്ഡലം സി.ബി.സി.ഐ.ഡി പൊലീസുകാർ കേസെടുക്കുകയും മോഷണത്തിന് പിന്നിൽ ക്ഷേത്രത്തിലെ പ്രധാന പോറ്റിയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും ബന്ധമുള്ളതായി കണ്ടെത്തുകയും ഇവരെ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയുമായിരുന്നു.