vld-1-

വെള്ളറട: കത്തിപ്പാറ - ശങ്കിലി- പന്നിമല റിംഗ് റോഡ് നിർമ്മാണം ആരംഭിച്ചിട്ട് രണ്ട് വർഷത്തോളമായി. എന്നാൽ ഇതുവരെ നിർമ്മാണം പൂർത്തിയായിട്ടില്ല. പുതിയ റോഡ് നിർമ്മിക്കാൻ വേണ്ടി പഴയറോഡ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റി. ഇപ്പോൾ പഴയതുമില്ല പുതിയതുമില്ല എന്ന അവസ്ഥയിൽ യാത്രാ ദുരിതം നേരിടുകയാണ് ഇവിടത്തുകാർ. കുരുശുമല തീർത്ഥാടനത്തിന് എത്തുന്നവർക്ക് ഗതാഗതക്കുരുക്കിൽ അകപ്പെടാതെ കുരിശുമലയിൽ എത്തുന്നതിനുവേണ്ടിയാണ് റോഡ് നവീകരിക്കാൻ സംസ്ഥാന സർക്കാ‌ർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സി.കെ. ഹരീന്ദ്രൻ എം.എൽ.എ റോഡ് നിർമ്മാണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

നിർമ്മാണം തുടങ്ങി ആ വർഷത്തെ തീർത്ഥാടനത്തിന് മുൻപ് തന്നെ റോഡ് നന്നാക്കുമെന്ന് ബന്ധപ്പെട്ട പി.ഡബ്ളിയു.ഡി അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ രണ്ടുവർഷത്തെ തീർത്ഥാടനം കഴിഞ്ഞിട്ടും നവീകരണം മാത്രം പൂർത്തിയായിട്ടില്ല. നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്.

കത്തിപ്പാറ മുതൽ പന്നിമലവരെയുള്ള രണ്ടു കിലോമീറ്ററിനകത്തു വരുന്ന ദൂരം പണിചെയ്യാൻ രണ്ടുവർഷമായിട്ടും കരാറുകാരനും പി.ഡബ്ളിയു.ഡിയും തയാറാകാത്തതോടെ നാട്ടുകാർ സമരസമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ റോഡിൽ വലിയ മെറ്റലുകൾ വിതറി. ഇപ്പോൾ മാസങ്ങൾ പലതുകഴിഞ്ഞു. ഇതുവഴിയുള്ള ചരക്കുവാഹനങ്ങളുടെ യാത്ര കൂടിയതോടെ വലിയ മെറ്റലുകൾ ഇളകി കാൽനടപോലും ദുസഹമായി.

നിർമ്മാണം ആരംഭിച്ച ആദ്യഘട്ടങ്ങളിൽ ചില എതിർപ്പുകൾ നാട്ടുകാരുടെ ഭാഗത്തുനിന്നു ഉണ്ടായതാണ് നിർമ്മാണം വൈകാൻ കാരണമെന്ന് പി. ഡബ്ളിയു. ഡി അധികൃതർ പറയുന്നു. സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെ ഉണ്ടായ കാലതാമസമാണ് ബാക്കി പണികൾക്കും താമസം നേരിട്ടതെന്നും പറയുന്നെങ്കിലും മെറ്റൽ ഇട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ടാർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാത്തതാണ് യാത്രാദുരിതത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി റോഡുപണി പൂർത്തിയാക്കാൻ നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.