road

കിളിമാനൂർ : സംസ്ഥാന പാത വികസനത്തിന് പുറമ്പോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി കിളിമാനൂരിൽ നടന്നുവന്ന പ്രക്ഷോഭങ്ങൾക്ക് വിരാമമായി. കെ.എസ്.ടി.പി അധികൃതരും ബി.സത്യൻ എം.എൽ.എയും, പഞ്ചായത്തും വിവിധ രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പരിഹാരം കണ്ടത്. കിളിമാനൂർ ജംഗ്ഷനിലെ വികസനത്തിനായി മുഴുവൻ പുറമ്പോക്ക് ഭൂമിയും ഏറ്റെടുത്ത് വികസനം സാദ്ധ്യമാക്കുമെന്ന് കെ.എസ്.ടി.പി അധികൃതർ എം.എൽ.എയ്ക്ക് ഉറപ്പ് നൽകി. റവന്യൂ വകുപ്പ് മാർക്ക് ചെയ്തിട്ടുള്ള പ്രദേശങ്ങൾ വികസനത്തിനായി കൈയേറ്റക്കാർ സ്വയം വിട്ടുനൽകണമെന്നും അല്ലാത്തപക്ഷം റവന്യൂ അധികൃതരുമായി ചേർന്ന് അടിയന്തര നോട്ടീസ് നൽകുമെന്നും അവർ അറിയിച്ചു. നിലവിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതോടെ റോഡിന് 6 മീറ്ററോളം വീതിയും നടപ്പാതയ്ക്കും കൈവരിക്കുമായി 2 മീറ്ററും ലഭിക്കുമെന്നും ഒഴിപ്പിച്ച ബാക്കി ഭാഗങ്ങളിൽ ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പാർക്കിംഗിനായി ഉപയോഗിച്ച് കാലങ്ങളായുള്ള കിളിമാനൂരിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു, വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ, കെ.എസ്.ടി.പി സൂപ്രണ്ടിംഗ് എൻജിനിയർ അൻസർ, ഇ.ഇ.ഇ ഗീത, എ.ഇ.ഇ സ്മിത എന്നിവർ പങ്കെടുത്തു.